Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ ഭീകരര്‍ ലക്ഷ്യമിട്ടത് കോണ്‍സുലര്‍മാരെ, പരിക്ക് നിസ്സാരം

ജിദ്ദയില്‍ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ജിദ്ദ ഗവര്‍ണര്‍ മിശ്അല്‍ ബിന്‍ മാജിദ് രാജകുമാരന്‍ സന്ദര്‍ശിക്കുന്നു.

ജിദ്ദ-നഗരമധ്യത്തില്‍ അമുസ്‌ലിംകളുടെ മൃതദേഹങ്ങള്‍ മറവു ചെയ്യുന്ന ശ്മശാനത്തിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായി മക്ക ഗവര്‍ണറേറ്റ് വക്താവ് സുല്‍ത്താന്‍ അല്‍ദോസരി അറിയിച്ചു. പ്രത്യേക ചടങ്ങിനോടനുബന്ധിച്ച് രാവിലെ ഫ്രഞ്ച് കോണ്‍സല്‍ ഹാജരായ സമയത്താണ് ശ്മശാനത്തില്‍ ആക്രമണമുണ്ടായത്. ഗ്രീസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനും സൗദി സുരക്ഷാ സൈനികനുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് നിസാരമാണ്. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണെന്നും മക്ക ഗവര്‍ണറേറ്റ് വക്താവ് പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2020/11/11/p1locationofterrorstrike11.jpg
സ്‌ഫോടനത്തില്‍ പരിക്കേറ്റ് ജിദ്ദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ജിദ്ദ ഗവര്‍ണര്‍ മിശ്അല്‍ ബിന്‍ മാജിദ് രാജകുമാരന്‍ സന്ദര്‍ശിച്ചു. മക്ക പ്രവിശ്യ പോലീസ് മേധാവി മേജര്‍ ജനറല്‍ ഈദ് അല്‍ഉതൈബിയും വിദഗ്ധരും ജിദ്ദ ഗവര്‍ണറെ അനുഗമിച്ചു.
ഒന്നാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ച്  1918 നവംബര്‍ 11 നുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ വാര്‍ഷികാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഫ്രഞ്ച് കോണ്‍സല്‍ അടക്കമുള്ള കോണ്‍സലുര്‍മാരെ ലക്ഷ്യമിട്ടാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയുണ്ടായ ഉടന്‍ പ്രദേശം സുരക്ഷാ സൈനികര്‍ വളഞ്ഞു. കഴിഞ്ഞ മാസാവസാനം ജിദ്ദ ഫ്രഞ്ച് കോണ്‍സുലേറ്റിലെ ഗാര്‍ഡിനെ സൗദി യുവാവ് കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. സ്വകാര്യ സെക്യൂരിറ്റി കമ്പനിക്കു കീഴിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രതിയെ ഉടന്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരുന്നു. ഫ്രാന്‍സിലെ നീസില്‍ ചര്‍ച്ചില്‍ കയറി ഭീകരന്‍ മൂന്നു പേരെ കൊലപ്പെടുത്തിയ അതേ ദിവസം തന്നെയാണ് ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ആസ്ഥാനത്തും ആക്രമണമുണ്ടായത്.
അതേസമയം, സ്‌ഫോടന സമയത്ത് സ്മശാനത്തിലുണ്ടായിരുന്നവരെ സഹായിക്കാന്‍ ഓടിയെത്തിയ സൗദി പൗരന്മാര്‍ക്ക് ഫ്രാന്‍സ്, ഗ്രീസ്, ഇറ്റലി, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ എംബസികള്‍ നന്ദി പ്രകടിപ്പിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി. സൗദി പൗരന്മാര്‍ ധീരന്മാരാണെന്ന് വിശേഷിപ്പിച്ച എംബസികള്‍, ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുന്നതിന് സൗദി അധികൃതര്‍ക്ക് പിന്തുണ നല്‍കുമെന്നും പറഞ്ഞു.
 

 

 

Latest News