കോഴിക്കോട് - പ്ലസ് ടു കോഴ്‌സ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി എം.എല്‍.എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കല്ലായിയിലെ സബ് സോണല്‍ ഓഫിസില്‍ രാവിലെ 9.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകിയും തുടര്‍ന്നു.
ഷാജിയുടെ സ്വത്ത് സമ്പാദനത്തിന്റെ വിശദാംശങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. ഷാജി നടത്തിയ വിദേശയാത്രകളെക്കുറിച്ചും ചോദ്യമുണ്ടായി. സ്വത്തുക്കളുടെയും വിദേശയാത്രകളുടെയും രേഖകള്‍ ഷാജി ഹാജരാക്കിയതയാണ് വിവരം.
ഇ.ഡിയുടെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരമുണ്ടെന്നും ഇത് സംബന്ധിച്ച എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി.
കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യ ആശയെ ഇ.ഡി കഴിഞ്ഞ ദിവസം 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഷാജി കോഴിക്കോട് മാലൂര്‍കുന്നില്‍ വീട് നിര്‍മിച്ചത് ചട്ടം ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു.