മകളെ പീഡിപ്പിച്ചത് പ്രവാസിയായ പിതാവ്; ബന്ധുവിനെ കേസില്‍ കുടുക്കി

തളിപ്പറമ്പ്- പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രവാസിയായ പിതാവ് ബന്ധുവായ കൗമാരക്കാരനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഖത്തറില്‍ ജോലി ചെയ്യുന്ന തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശിയാണ് കേസിലെ യഥാര്‍ഥ പ്രതി.

പതിമൂന്നുകാരിയായ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തി. ഒക്ടോബര്‍ 21നാണ് പ്രതിയായ പിതാവ് ഖത്തറിലെ ജോലി സ്ഥലത്തേക്ക് പോയത്. പിന്നീട് പെണ്‍കുട്ടി തലകറങ്ങി വീണതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടറെ കാണിച്ചപ്പോള്‍ പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായി.

 ഡോക്ടര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അയല്‍വാസിയും അടുത്ത ബന്ധുവുമായ 15 കാരനാണ് പീഡിപ്പിച്ചതെന്നാണ് പറഞ്ഞത്. ഡോക്ടര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചു.  പോലീസ് ചോദിച്ചപ്പോഴും പെണ്‍കുട്ടി ഇക്കാര്യം തന്നെ പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് പീഡനം തടന്നതെന്നും പറഞ്ഞു. എന്നാല്‍ ഇത് തെറ്റാണെന്ന സൂചന ലഭിച്ചു.  പെണ്‍കുട്ടി പറഞ്ഞ സമയത്താണ് പീഡനം നടന്നതെങ്കില്‍ പെണ്‍കുട്ടി ഇതിനകം പ്രസവിക്കുമായിരുന്നു. തുടര്‍ന്ന് വനിതാ പോലീസുകാരും വനിതാ കൗണ്‍സിലര്‍മാരും പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
പിതാവാണ് പീഡിപ്പിച്ചതെന്നും ഈ വിവരം പുറത്തു പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും, പിതാവ് പറഞ്ഞതനുസരിച്ചാണ് ബന്ധുവായ ആണ്‍കുട്ടിയുടെ പേരു പറഞ്ഞതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ലഭിച്ചയുടന്‍ പിതാവിനെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

 

Latest News