കാസര്‍കോട്- നാടുവിട്ട നവവധു കാമുകനോടൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരായി. കളനാട് അയ്യങ്കോലിലെ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സൗജാന(25)യാണ് കാമുകനായ റാഷിദിനോടൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ബേക്കല്‍ സ്വദേശിയായ ഗള്‍ഫുകാരന്റെ ഭാര്യയായ സൗജാന ഭാര്യയും മക്കളുമുള്ള കളനാട്ടെ റാഷിദിനൊപ്പം നാടുവിടുകയായിരുന്നു.
സൗജാനയുടെ പിതാവ് മുഹമ്മദ്കുഞ്ഞി നല്കിയ പരാതിയില്‍ മേല്‍പ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കമിതാക്കള്‍ മംഗളൂരു ഭാഗത്തുള്ളതായി സൂചന ലഭിച്ചു. സൗജാനയെ ഫോണില്‍ ബന്ധപ്പെട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഉടന്‍ തന്നെ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് സൗജാന കഴിഞ്ഞ ദിവസം റാഷിദിനൊപ്പം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്നും റാഷിദിനൊപ്പം കഴിയാനാണ് താത്പര്യമെന്നും സൗജാന മൊഴി നല്‍കിയതോടെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. കോടതിയില്‍ നിന്ന് യുവതി കാമുകനൊപ്പം പോകുകയും ചെയ്തു.
ഒന്നരമാസം മുമ്പാണ് ബേക്കല്‍ സ്വദേശി സൗജാനയെ വിവാഹം ചെയ്തത്. ഈ വിവാഹത്തിന് മുമ്പുതന്നെ സൗജാന റാഷിദുമായി അടുപ്പത്തിലായിരുന്നു. പിന്നീട് ബന്ധം അവസാനിപ്പിച്ചെങ്കിലും ബേക്കല്‍ സ്വദേശിയെ വിവാഹം ചെയ്ത ശേഷം റാഷിദുമായി സൗജാന വീണ്ടും ബന്ധം സ്ഥാപിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.






