Sorry, you need to enable JavaScript to visit this website.

എണ്ണിത്തീരാന്‍ പകുതി വോട്ടുകള്‍ ബാക്കി; ബിഹാറില്‍ ഫലം വൈകാനുള്ള കാരണമിതാണ്

പട്‌ന- യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു വോട്ടെണ്ണല്‍ പോലെ ബിഹാറിലും വോട്ടെണ്ണല്‍ നീണ്ടു പോകുകയാണ്. പക്ഷെ അമേരിക്കക്കാരെ പോലെ അന്തിമ ഫലമറിയാന്‍ നമുക്ക് ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരില്ല. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് നടത്തിയ വോട്ടെടുപ്പില്‍ എണ്ണിത്തീരാന്‍ പതിവിനു വിപരീതമായി എന്താണിത്ര വൈകുന്നത് എന്ന ചോദ്യം സ്വാഭാവികം. രാവിലെ തുടങ്ങിയ വോട്ടെണ്ണല്‍ വൈകുന്നേരം 5.30 ആയിട്ടും പകുതി മാത്രമെ തീര്‍ന്നിട്ടിള്ളൂ. പൂര്‍ത്തിയാകാന്‍ രാത്രി വൈകിയും തുടരുമെന്നര്‍ത്ഥം. 4.11 കോടി വോട്ടര്‍മാരാണ് വോട്ടു ചെയ്തത്. എന്നാല്‍ 5.30 വരെയുള്ള കണക്കുകള്‍ പ്രകാരം 2.7 കോടി വോട്ടുകള്‍ മാത്രമാണ് എണ്ണിത്തീര്‍ന്നതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിക്കുന്നു. എണ്ണല്‍ മന്ദഗതിയിലാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

എന്തിനിത്ര കാത്തിരിക്കണം? 

കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് എല്ലാം നടക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനും രോഗ ബാധ തടയുന്നതിനും കമ്മീഷന്‍ പല നിയന്ത്രണങ്ങളും വച്ചിട്ടുണ്ട്. ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിച്ചിരുന്നത്. മുന്‍ തെരഞ്ഞെടുപ്പില്‍ ഇത് 1500 ആയിരുന്നു. ഈ നിയന്ത്രണം കാരണം പോളിങ് സ്റ്റേഷനുകള്‍ 63 ശതമാനം അധികമായി സംവിധാനിക്കേണ്ടി വന്നു. അതായത് 2015ല്‍ 65,367 പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ കോവിഡ് കാരണം ഇത് 1,06,526 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. സ്വാഭാവികമായും ഇത്രയധികം വോട്ടിങ് യന്ത്രമങ്ങളും സ്ഥാപിക്കേണ്ടി വന്നു. കൂടുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉണ്ടായതോടെ ഇവ എണ്ണിത്തീരാനും കൂടുതല്‍ സമയം ആവശ്യമായി വന്നു. ഇതിനു പുറമെ ഇക്കുറി പോസ്റ്റല്‍ വോട്ടുകളിലും വലിയ വര്‍ധനയുണ്ടായി. കഴിഞ്ഞ തവണ 1.3 ലക്ഷമായിരുന്നു പോസ്റ്റല്‍ വോട്ടുകള്‍. ഇത് ഇത്തവണ 2.5 ലക്ഷം കടന്നു. ഇതെല്ലാം കൂടിച്ചേര്‍ന്നതോടെ വോട്ടെണ്ണലും നീണ്ടു പോകുകയാണ്.

ഇനിയുമെത്ര കാത്തിരിക്കണം?

സാധാരണ സാഹചര്യങ്ങളില്‍ പകുതി വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തന്നെ ഏതാണ്ട് കക്ഷി നില ഉറപ്പാകും. എന്നാല്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന സാഹചര്യങ്ങളില്‍ സ്ഥിതി മാറും. ബിഹാറും ഇപ്പോള്‍ ഈ നിലയിലേക്ക് പോകുന്നതായാണ് സൂചനകള്‍. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രഖ്യാപനത്തിനായി ഇനിയും കാത്തിരിക്കണം. ഫലം രാത്രി വൈകുമന്ന് കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്.
 

Latest News