Sorry, you need to enable JavaScript to visit this website.
Friday , January   22, 2021
Friday , January   22, 2021

വേഴാമ്പൽ കേഴും നെല്ലിയാമ്പതി

നീണ്ട കോവിഡ് കാലത്തെ യാത്രാ നിരോധനത്തിനു ശേഷം കഴിഞ്ഞ ഒക്ടോബർ മാസം മുതൽ  നെല്ലിയാമ്പതി സഞ്ചാരികൾക്കു വേണ്ടി തുറന്നു കൊടുത്തിട്ടുണ്ട്. മലമുകളിലെ തണുപ്പിനും  കാടനുഭവങ്ങൾക്കുമപ്പുറം നെല്ലിയാമ്പതിയിൽ ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. കാടിനെ സ്‌നേഹിക്കുന്ന, പക്ഷികളുടെയും മൃഗങ്ങളുടെയും മനം മയക്കും സൗന്ദര്യം ആസ്വദിക്കുന്ന  ഏതൊരു യാത്രികനെയും നെല്ലിയാമ്പതിയിലേക്ക് മാടിവിളിക്കുന്ന ഒരു ദൃശ്യ വിരുന്നാണ് ലോക്ഡൗണിന് ശേഷം നെല്ലിയാമ്പതിയിൽ പ്രകൃതി ഒരുക്കിവെച്ചിരിക്കുന്നത്. നമ്മുടെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലുകളുടെ സാന്നിധ്യം തന്നെയാണത്.  


സഹ്യനിരകളിലെ പക്ഷി സമ്പത്തിലെ  രാജാവും റാണിയുമാണ് മലമുഴക്കി വേഴാമ്പലുകൾ. ഉൾക്കാടുകളിൽ ഉയരം കൂടിയ മരങ്ങളിൽ മാത്രം കാണപ്പെടുന്ന ഇവർ ചില കാലങ്ങളിൽ മാത്രം നെല്ലിയാമ്പതിയിൽ കൂട്ടമായി വിരുന്നു വരാറുണ്ട്.  അതുപോലെ തന്നെ അതിരപ്പള്ളി, വാൽപാറ കാടുകളിലും മലമുഴക്കി വേഴാമ്പലുകൾ കാണപ്പെടാറുണ്ട്. ഉയരം കൂടിയ മരങ്ങളിൽ മാത്രം ഭക്ഷണത്തിനായി എത്തുകയും  ഇണ ചേരുകയും  കൂടുകൂട്ടി കഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുകയും  ചെയ്യുന്ന വേഴാമ്പലുകളെ അവയുടെ ആവാസ വ്യവസ്ഥയിൽ ചെന്നു  നേരിട്ടു കാണാൻ കിട്ടുന്ന അവസരമാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത.് അതുകൊണ്ട് തന്നെ പ്രകൃതി സ്‌നേഹികളുടെയും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർമാരുടെയും ഒഴുക്കാണ് നെല്ലിയാമ്പതിയിലേക്ക്, പ്രത്യേകിച്ചും ഒഴിവു ദിവസങ്ങളിൽ. അതുകൊണ്ട് ഈ സീസൺ നെല്ലിയാമ്പതിയിലെ ടൂറിസം മേഖലയ്ക്കും അതുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർക്കും കോവിഡ് കാലത്തെ വറുതിക്കു ശേഷം ചെറിയ തോതിൽ  ആശ്വാസമാകുമെന്നു പ്രതീക്ഷിക്കാം. 
പാലക്കാട് ടൗൺ വഴിയോ ഒറ്റപ്പാലം വഴിയോ നെന്മാറയിൽ എത്തിയ ശേഷം പോത്തുണ്ടി ഡാമിനു അടുത്തുള്ള നെന്മാറ ഫോറസ്റ്റ്  ചെക്‌പോസ്റ്റിൽ വണ്ടി നമ്പറും യാത്രക്കാരുടെ വിവരങ്ങളും നൽകി ഇരു വശവും കാടും ചുരങ്ങളും ഉള്ള വനപാതയിലൂടെ 40 കിലോമീറ്റർ സഞ്ചരിച്ചു നെല്ലിയാമ്പതിയിൽ എത്താം. ചെക്‌പോസ്റ്റിൽ ഉച്ചക്ക് 2 മണിക്ക് മുൻപായി എത്തണം. അതുപോലെ തിരിച്ചു പോരുമ്പോൾ വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുകയും വേണം. 


പോത്തുണ്ടി ഡാം വ്യൂ പോയന്റ് കടന്ന് കാട്ടിലൂടെ കടന്നു പോകുമ്പോൾ പാലക്കാടൻ ചൂട് വഴിമാറി നല്ല തണുത്ത കാറ്റ് അരിച്ചു കയറാൻ തുടങ്ങും. ഇടക്ക് ചെറു അരുവികളും കുരങ്ങന്മാരും മാൻ, മലയണ്ണാൻ, കാട്ടുപോത്ത്, ആന, തുടങ്ങിയവയെയും ഒക്കെ കാണാൻ കിട്ടും  എന്നു കരുതി ഫോറസ്റ്റ് വഴിയിൽ വാഹനം നിർത്തുന്നതും  വണ്ടിയിൽ നിന്നും ഇറങ്ങുന്നതും അപകടകരമാണ്.  മുകളിൽ വ്യൂ പോയന്റുകളിൽ വാഹനം നിർത്താനുള്ള സൗകര്യം ഉണ്ട്. കോവിഡ് നമുക്ക് ചുറ്റും തന്നെ ഉള്ളതു കൊണ്ട് ആൾക്കൂട്ടം ഒഴിവാക്കണം.  മാസ്‌ക് ധരിച്ചു, സുരക്ഷിതമായി മാത്രം യാത്ര ചെയ്യാൻ ശ്രദ്ധിക്കണം. 
മലമുകളിലെ തണുപ്പ്, തേയിലത്തോട്ടങ്ങൾ, ഏലം, ഓറഞ്ച് തോട്ടങ്ങൾ,  വ്യൂ പോയന്റിലേക്കുള്ള ജീപ്പ് സഫാരി, കാട്ടിനുള്ളിലെ താമസം എന്നിവയാണ് പ്രധാനമായും നെല്ലിയാമ്പതിയിലെ ആകർഷണങ്ങൾ.  എന്നാലും എന്റെ പ്രധാന ഉദ്ദേശ്യം വേഴാമ്പലുകളെ കാണുക എന്നതായിരുന്നു. അതുകൊണ്ട് ആദ്യ ദിവസം ഞങ്ങൾ നേരെ എവിടി എസ്‌റ്റേറ്റിൽ ഉള്ള സീതാർഗുണ്ട് വ്യൂ പോയന്റിലേക്കാണ് പോയത്.  എസ്‌റ്റേറ്റിലൂടെയുള്ള ഡ്രൈവ് നല്ല രസമാണ്.  അവിടെ കാർ പാർക്കിംഗ് സൗകര്യവും ചെറിയ ഒരു കോഫി ഷോപ്പും ഉണ്ട്. കാർ പാർക്ക് ചെയ്തു വ്യൂ പോയന്റിലേക്ക് അൽപം  നടക്കണം.  വൈകുന്നേരം ഇവിടുന്നു താഴേക്കുള്ള കാഴ്ച മനോഹരമാണ്. നെല്ലിയാമ്പതിയുടെ ഒരു അടയാളമായ നെല്ലിമരം ഇവിടെയാണ്. ഇവിടുന്ന് കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു വൈകുന്നേരം 6 മണിയോടെ തിരിച്ചു പോന്നു.  നെല്ലിയാമ്പതിയിലെ ചെറിയ ടൗണിൽ തന്നെ ഒരു ഹോട്ടൽ മുറിയിൽ അന്നത്തെ തണുത്ത രാത്രി ചെലവഴിച്ചു. 


അടുത്ത ദിവസം രാവിലെ നേരത്തെ എണീറ്റു വേഴാമ്പലുകളെ കാണാൻ പുറപ്പെട്ടു.  നൂറാടി, വിക്ടോറിയ,  കാരാടി എസ്‌റ്റേറ്റുകളുടെ ഭാഗത്തു വലിയ മരങ്ങളിൽ കായ്കൾ ഭക്ഷിക്കാൻ വേഴാമ്പലുകൾ വരുമെന്ന് നാട്ടുകാരിൽ നിന്നും അറിയാൻ കഴിഞ്ഞിരുന്നു. രാവിലെ സൂര്യൻ ഉദിച്ചു ഉയരുന്ന സമയം ഞങ്ങൾ അവിടെ എത്തിയിരുന്നു കുറച്ചു നേരം വന്മരങ്ങളിൽ ഒക്കെ നോക്കി നിന്നു. അൽപം കഴിഞ്ഞപ്പോൾ വലിയ ഫാൻ കറങ്ങുന്ന  ശബ്ദം പോലെ മരത്തിന്റെ മുകളിൽ നിന്നും ചിറകടിച്ചുകൊണ്ട് ഒരു വേഴാമ്പൽ പറന്നു പോകുന്നു. ഞാൻ ക്യാമറയും കൊണ്ട് അതിന്റെ പിറകെ പോയി മലയുടെ മുകളിൽ ചെന്നു നോക്കുമ്പോൾ പല മരങ്ങളുടെയും മുകളിൽ വേഴാമ്പൽ ജോടികൾ ആയി നിൽക്കുന്നത് കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ അവയെല്ലാം ഘോര ശബ്ദം മുഴക്കി അവിടെ ശബ്ദമുഖരിതമാക്കി.  അപ്പോഴേക്കും എന്റെ കാലിൽ അട്ടകൾ കടിച്ചു തൂങ്ങുന്നുണ്ടായിരുന്നു. 
ഒരു പ്രത്യേക തരം ചിട്ടയോടെ ജീവിക്കുന്ന വേഴാമ്പലുകൾ ജീവിത കാലം മുഴുവൻ ഒരേ ഒരു ഇണയുമായി മാത്രം കൂട്ട് കൂടുകയുള്ളൂ. പെൺകിളി മുട്ടയിട്ടു അടയിരിക്കുമ്പോൾ ആൺകിളി ഭക്ഷണം തേടി പോകുന്നു. നേരിട്ട് കാണുമ്പോൾ മനസ്സിലാവും ഇവർ ശരിക്കും സഹ്യ  മലനിരകളുടെ രാജാക്കന്മാർ തന്നെ എന്ന്.