Sorry, you need to enable JavaScript to visit this website.

നാളികേരോൽപന്ന വില ഉയർച്ചയിൽ; കുരുമുളക്, റബർ തകർച്ചയിൽ

നാളികേരോൽപ്പന്നങ്ങളുടെ നിരക്ക് കുതിച്ചു കയറിയപ്പോൾ കുരുമുളകിന് വീണ്ടും തകർച്ച. നാളികേരത്തിന് ദക്ഷിണേന്ത്യയിൽ ക്ഷാമം നേരിടുമെന്ന വിലയിരുത്തലാണ് കൊപ്ര, വെളിച്ചെണ്ണ വില ഉയരാനിടയാക്കിയത്. പച്ച തേങ്ങയുടെയും കൊപ്രയുടെയും ലഭ്യത കുറഞ്ഞത് വെളിച്ചെണ്ണ വില ഉയർത്താൻ മില്ലുകാരെ പ്രേരിപ്പിച്ചു. 15,600 രൂപയിൽ വിൽപ്പനക്ക് തുടക്കം കുറിച്ച വെളിച്ചെണ്ണ വാരാവസാനം 16,600 ലേക്ക് കയറി. കൊപ്ര 10,605 ൽനിന്ന് 11,110 രൂപയായി. ഈ വർഷം കൊപ്രക്ക് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. തുലാവർഷം വിളവെടുപ്പിനെ കാര്യമായി ബാധിച്ചില്ലെങ്കിലും പല ഭാഗങ്ങളിലും കൊപ്ര സംസ്‌കരണത്തിന് തടസം നേരിട്ടു. ദീപാവലി കഴിഞ്ഞതോടെ രാജ്യത്തെ ഭക്ഷ്യയെണ്ണ വിപണികൾ അൽപ്പം തളർച്ചയിലാണ്. 
ഉത്സവകാലം ആവശ്യങ്ങൾ കഴിഞ്ഞതോടെ കുരുമുളകിന് വീണ്ടും തിരിച്ചടി. ഹൈറേഞ്ചിൽ നിന്ന് വിപണിയിലേക്കുള്ള ചരക്ക് വരവ് കുറഞ്ഞിട്ടും ഉൽപ്പന്ന വില താഴ്ന്നു. ദീപാവലി ആവശ്യങ്ങൾ കഴിഞ്ഞതോടെ മാസമധ്യത്തിന് ശേഷം ആഭ്യന്തര ഡിമാന്റ് മുളകിന് കുറഞ്ഞു. ആഗോള വിപണിയിൽ ഇന്ത്യൻ കുരുമുളകിന് അന്വേഷണങ്ങളില്ല. കയറ്റുമതിക്കാർ ടണ്ണിന് 7075-7375 ഡോളറിന് ക്വട്ടേഷൻ ഇറക്കി. എന്നാൽ ഇതിനെക്കാൾ താഴ്ന്ന വിലക്ക് മറ്റ് ഉൽപാദന രാജ്യങ്ങൾ കുരുമുളക് വാഗ്ദാനം ചെയ്തു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 43,100 രൂപയിൽ നിന്ന് 42,300 രൂപയായി. 
ഏലത്തിന് നേരിട്ട വില ഇടിവ് ഹൈറേഞ്ചിലെ ഉൽപാദകരെ സമ്മർദ്ദത്തിലാക്കി. വിളവെടുപ്പ് ഊർജിതമായതിനാൽ ലേല കേന്ദ്രങ്ങളിൽ കനത്തതോതിൽ പുതിയ ഏലക്ക ലേലത്തിന് ഇറങ്ങി. വാരാരംഭത്തിൽ മികച്ചയിനങ്ങൾ കിലോ 992 രൂപയിലേക്ക് ഇടിഞ്ഞത് ഉൽപാദന മേഖലയെ ഞെട്ടിച്ചു. കർഷകർ ഇതോടെ ചരക്ക് നീക്കം കുറച്ചത്  ഉൽപ്പന്നത്തിന് താങ്ങായി.  വാരാവസാനം വലിപ്പം കൂടിയ ഇനങ്ങൾ കിലോ 1028 രൂപയിലാണ്. കയറ്റുമതിക്കാർ ചരക്ക് സംഭരിക്കാൻ പല അവസരത്തിലും ഉത്സാഹിച്ചു. 
ഔഷധ വ്യവസായികൾക്ക് ഒപ്പം കറിമസാല നിർമാതാക്കളും ജാതി ശേഖരിച്ചു. വാങ്ങൽ താൽപര്യത്തെ തുടർന്ന് നിരക്ക് അൽപ്പം മെച്ചപ്പെട്ടു. കയറ്റുമതിക്കാർ രംഗത്ത് സജീവമായാൽ ഉൽപ്പന്ന വില ഉയരുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം വ്യാപാരികൾ. ജാതിക്ക തൊണ്ടൻ 150-165, തൊണ്ടില്ലാത്തത് 290-320, ജാതിപത്രി 400-650 രൂപ.     
മഴ റബർ ടാപ്പിങ് പല അവസരത്തിലും തടസപ്പെടുത്തിയത് മുഖ്യ വിപണികളിലേക്കുള്ള ഷീറ്റ് വരവ് കുറച്ചിട്ടും നിരക്ക് ഇടിഞ്ഞു. കൊച്ചിയിൽ നാലാം ഗ്രേഡ് ഷീറ്റ് വില 12,900 ൽ നിന്ന് 12,700 രൂപയായി. അഞ്ചാം ഗ്രേഡിന് 200 രൂപ കുറഞ്ഞ് 12,500  രൂപയായി. ലാറ്റക്‌സ് വില 8000 ൽ നിന്ന് 7800 രൂപയായി. റബർ വില ഉയരുമെന്ന പ്രതീക്ഷയിലായിരുന്ന ആഭ്യന്തര സ്‌റ്റോക്കിസ്റ്റുകൾ. 
കേരളത്തിൽ  സ്വർണ വില താഴ്ന്നു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 22,160 രൂപയിൽ നിന്ന് 21,920 ലേയ്ക്ക് താഴ്ന്ന ശേഷം 22,000 രൂപയിൽ വ്യാപാരം അവസാനിച്ചു. ഒരു ഗ്രാമിന്റെ വില 2740 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1273 ഡോളർ. 
 

Latest News