Sorry, you need to enable JavaScript to visit this website.

ജോ ബൈഡന്റെ ഇന്ത്യക്കാരായ അഞ്ചു ബന്ധുക്കളെ കുറിച്ച് ഇനിയും വിവരമില്ല

മുംബൈ- നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മുംബൈയില്‍ അഞ്ച് അകന്ന ബന്ധുക്കളുണ്ടെന്ന് 2013ല്‍ അദ്ദേഹം പറഞ്ഞിരുന്നു. മുംബൈ സന്ദര്‍ശനത്തിനിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടും മുംബൈയിലെ അദ്ദേഹത്തിന്റെ ബന്ധുക്കളെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. 2015ല്‍ വാഷിങ്ടണില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവെ, അന്ന് വൈസ് പ്രസിഡന്റായിരുന്ന ബൈഡന്‍ തന്റെ മുംബൈയിലുള്ള ബന്ധുക്കളുടെ കാര്യം പരാമര്‍ശിച്ചിരുന്നു. എന്നാല്‍ മുംബൈയില്‍ നിന്ന് ബൈഡന്‍ എന്ന കുടുംബ പേരുള്ള ആരും ഇതുവരെ ബന്ധം വെളിപ്പെടുത്തി രംഗത്തു വന്നിട്ടില്ല.

പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആദ്യമായി യുഎസ് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട വേളയില്‍ ബൈഡന്‍ എന്ന പേരുള്ള ഒരാളുടെ കത്ത് മുംബൈയില്‍ നിന്നും ലഭിച്ചിരുന്നു. എന്നാല്‍ കത്തിനു പിന്നാലെ കൂടുതല്‍ അന്വേഷിച്ചു പോയില്ല. തന്റെ നാലു തലമുറ മുമ്പുള്ള മുതുമുത്തച്ഛന്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കാര്യവും പിന്നീടാണ് ബൈഡന്‍ അറിഞ്ഞത്. കുടുംബ ബന്ധം പറഞ്ഞുകൊണ്ടുള്ള ആ കത്തിനു മറുപടി നല്‍കാത്തതില്‍ ഖേദിക്കുന്നുവെന്നും ബൈഡന്‍ മുംബൈയില്‍ പ്രസംഗിക്കവെ പറഞ്ഞിരുന്നു. മുംബൈയില്‍ അഞ്ചു ബൈഡന്‍മാരുണ്ട്. ഇവരെ കണ്ടെത്താന്‍ ശ്രോതാക്കളിലുള്ള ജനികശാസ്ത്ര വിദഗ്ധര്‍ക്ക് തന്നെ സഹായിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. 

"എന്റെ നാലഞ്ചു തലമുറകള്‍ക്ക് മുമ്പുള്ള മുതുമുത്തച്ഛന്‍ ജോര്‍ജ് ബൈഡന്‍ ഈസ്റ്റ് ഇന്ത്യാ ട്രേഡിങ് കമ്പനിയില്‍ ഒരു ക്യാപ്റ്റനായിരുന്നു. വിരമിച്ച ശേഷം ഇന്ത്യക്കാരിയെ വിവാഹം ചെയ്യാനും ഇന്ത്യയില്‍ സ്ഥിരതാമസമാക്കാനുമായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം"- 2015ല്‍ വാഷിങ്ടണില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.
 

Latest News