റിയാദ് - വിവാഹം കഴിച്ചയക്കാന്‍ വിസമ്മതിച്ച പിതാവിനെതിരെ കോടതിയെ സമീപിച്ച സൗദി യുവതിയുടെ വിവാഹം കോടതി ഇടപെട്ട് നടത്തിക്കൊടുത്തു.
വിവാഹാന്വേഷണങ്ങളെല്ലാം യാതൊരുവിധ കാരണവും കൂടാതെ പിതാവ് ആവര്‍ത്തിച്ച് നിരസിക്കുകയും വിവാഹം കഴിച്ചയക്കാന്‍ വിസമ്മതിക്കുകയും ചെയ്തതോടെയാണ് വിവാഹം നടത്തുന്ന കാര്യത്തിലുള്ള തന്റെ രക്ഷാകര്‍തൃത്വ പദവി പിതാവില്‍ നിന്ന് നീക്കി ജഡ്ജിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.
യുവതിയുടെ വിവാഹം നടത്തുന്നതിന് പിതാവ് കരുതിക്കൂട്ടി വിസമ്മതിക്കുന്ന കാര്യം പരാതി ലഭിച്ച് അഞ്ചു ദിവസത്തിനകം കോടതിക്ക് ബോധ്യപ്പെടുകയും യുവതിയുടെ രക്ഷാകര്‍തൃത്വ ചുമതല പിതാവില്‍ നിന്ന് ജഡ്ജിയിലേക്ക് മാറ്റാന്‍ കോടതി വിധിക്കുകയുമായിരുന്നെന്ന് നീതിന്യായ മന്ത്രാലയം പറഞ്ഞു.
വിവാഹാന്വേഷണം നടത്തി യുവതിയുടെ പിതാവിനെ സമീപിച്ച യുവാവ് പരാതിക്കാരിയെ വിവാഹം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നതായി കോടതിയിലെത്തി അറിയിക്കുകയും ചെയ്തു. യുവതിയുടെ പിതാവ് കോടതിയില്‍ ഹാജരായിരുന്നില്ല.
യുവതിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ പിതാവ് സമ്മതിക്കാത്തതും വിവാഹം അന്വേഷിച്ച് സമീപിച്ച യുവാവിനെ യുവതിക്ക് ഇഷ്ടമാണെന്നതും ബോധ്യമായതോടെയാണ് രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തു നിന്ന് ജഡ്ജി ഇവരുടെ വിവാഹം നടത്തിക്കൊടുത്തത്.






