സംസ്ഥാനങ്ങള്‍ വാതിലടച്ചതോടെ വഴിയില്ലാതെ സിബിഐ; മറികടക്കാന്‍ മാര്‍ഗം തേടി കേന്ദ്രം

ന്യൂദല്‍ഹി- കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ചരിത്രത്തില്‍ ആദ്യമായി പുതിയൊരു പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. സിബിഐക്ക് കേസ് അന്വേഷണങ്ങള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ നല്‍കുന്ന മുന്‍കൂര്‍ അനുമതിയായ 'പൊതു സമ്മതം' ഏഴു സംസ്ഥാനങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണിത്. കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളില്‍ ഏതെങ്കിലും കേസന്വേഷണത്തിനായി വരണമെങ്കില്‍ സിബിഐക്ക് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഇനി ആവശ്യമാണ്. പോലീസിങ് ഒരു സംസ്ഥാന വിഷയമായത് കൊണ്ടു തന്നെ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കേസന്വേഷണങ്ങളില്‍ സിബിഐക്ക് ഇടപെടാന്‍ കഴിയില്ല. ഇതോടെ നിയമപരമായ വഴികള്‍ പരിമിതപ്പെടുകയോ ഇല്ലാതാകുകയോ ചെയ്തതായി വിദഗ്ധരും മുന്‍ സിബിഐ ഉന്നതഉദ്യോഗസ്ഥരും പറയുന്നു. 

മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ്, വെസ്റ്റ് ബംഗാള്‍, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങളാണ് സിബിഐയുടെ വഴികളടച്ചത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഈ സംസ്ഥാനങ്ങളുടെ പ്രധാന പരാതി. 

ഈ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ കേസുകള്‍ അന്വേഷിക്കണമെങ്കില്‍ സിബിഐക്ക് ഓരോ കേസിനും പ്രത്യേകമായി അനുമതി തേടുകയോ കോടതിയെ സമീപിക്കുകയോ ചെയ്യേണ്ടിവരും. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടെന്നും ഈ സാഹചര്യത്തെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചുവരികയാണെന്നും പേര് വെളിപ്പെടുത്താത്ത സിബിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്താന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ സിബിഐക്കു കഴിയില്ല. പോലീസിങ് സംസ്ഥാനങ്ങളുടെ അധികാരമാണ്. ഓരോ കേസിനും ഇനി ഹൈക്കോടതി അല്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും- മുന്‍ സിബിഐ ഡയറക്ടര്‍ എപി സിങ് പറയുന്നു. 

കേന്ദ്ര ഏജന്‍സികളില്‍ എന്‍ഐഎക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും മാത്രമെ ഇന്ത്യയിലൂടനീളം മുന്‍കൂര്‍ അനുമതി ഇല്ലാതെ തീവ്രവാദ, കള്ളപ്പണക്കേസുകളില്‍ അന്വേഷണവും തിരച്ചിലും നടത്താന്‍ അധികാരമുള്ളൂ. സിബിഐക്ക് ഈ അധികാരമില്ല. മഹാരാഷ്ട്രയിലേയും കേരളത്തിലേയും അനുമതി പിന്‍വലിച്ചത് വലിയ പ്രതിസന്ധിയാകുമെന്ന് ഒരു സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ദല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു കീഴിലാണ് സിബിഐ വരുന്നത്. അതുകൊണ്ടു തന്നെ സിബിഐക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ മറ്റു സംസ്ഥാനങ്ങള്‍ പൊതു സമ്മതം നല്‍കിയിരിക്കണം. ഈ നിയമത്തിലെ ആറാം വകുപ്പു പ്രകാരം സിബിഐ ഈ പൊതുസമ്മതം പുതുക്കിവരികയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ പോലീസിങില്‍ സിബിഐ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഇടപെടേണ്ടെന്ന് ഒരു സംസ്ഥാനം തീരുമാനിച്ചാല്‍ സിബിഐക്ക് മറ്റു മാര്‍ഗങ്ങളില്ലാതാകും.

ഇതുവരെ ഉണ്ടായിട്ടില്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ സിബിഐ നേരിടുന്നതെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു. നേരത്തേയും പല സംസ്ഥാനങ്ങളും പൊതുസമ്മതം പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയധികം സംസ്ഥാനങ്ങള്‍ ഒന്നിച്ച് അനുമതി നിഷേധിക്കുന്നത് ആദ്യമായാണ്. ത്രിപുരയും ആന്ധ്ര പ്രദേശും പൊതുസമ്മതം പിന്‍വലിച്ചിരുന്നെങ്കിലും അവിടങ്ങളില്‍ ബിജെപി അനൂകൂല സര്‍ക്കാരുകള്‍ വന്നതോടെ ഇതു പുനസ്ഥാപിക്കുകയായിരുന്നു.
 

Latest News