ശക്തമായ പോരാട്ടം നടക്കുന്നിടത്ത് ബൈഡന്റെ ലീഡ് കൂടുന്നു; ട്രംപ് പുറത്തേക്ക്

വാഷിങ്ടണ്‍- യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വാശിയേറിയ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ലീഡില്‍ വീണ്ടും വര്‍ധന. പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് ശക്തമായ വെല്ലുവിളി നേരിട്ട പെന്‍സില്‍വേനിയ, നെവാഡ, ജോജിയ സംസ്ഥാനങ്ങളില്‍, വോട്ടെണ്ണലിന്റെ നാലാം ദിവസം ബൈഡന്‍ ലീഡ് വര്‍ധിപ്പിച്ച് മുന്നേറുകയാണ്. ഇവിടങ്ങളിലെ ഇലക്ട്രറല്‍ വോട്ടുകള്‍ നേടിയാല്‍ ബൈഡന് പ്രസിഡന്റ് പദവി ഉറപ്പിക്കാനാകുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച വിജയം ഏതാണ്ട് ഉറപ്പായപ്പോള്‍ രാത്രിയില്‍ വിജയ പ്രസംഗം നടത്താന്‍ ബൈഡന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. എല്ലാവരും ശാന്തരാകണമെന്നും വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നും രാജ്യം നമുക്കൊപ്പമുണ്ടെന്നുമായിരുന്ന പകരം നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞത്. 

വാശിയേറിയ പോരാട്ടം നടന്ന ജോജിയയില്‍ തുടക്കത്തില്‍ നേരിയ ലീഡ് മാത്രമുണ്ടായിരുന്ന ബൈഡന് വെള്ളിയാഴ്ച വൈകുന്നേരത്തോടെ വ്യക്തമായ ലീഡിലേക്ക് കുതിച്ചു. നെവാഡയില്‍  ബൈഡന്‍ ലീഡ് രണ്ടിരട്ടിയോളം വര്‍ധിപ്പിച്ചു. പെന്‍സില്‍വേനിയയിലെ 20 ഇലക്ടറല്‍ വോട്ടുകളും ബൈഡന് സ്വന്തമാക്കിയതോടെ 270 എന്ന മാന്ത്രിക സംഖ്യയിലേക്ക് ബൈഡന്‍ കൂടുതല്‍ അടുത്തു. 253 ഇലക്ടറല്‍ വോട്ടുകളുമായി ബൈഡന്‍ മുന്നേറുമ്പോള്‍ ട്രംപിന് 214 വോട്ടാണ് ഉറപ്പിക്കാനായത്. പോള്‍ചെയ്ത വോട്ടുകളില്‍ 50.5 ശതമാനമാണ് ബൈഡന് അനുകൂലമായത്. ട്രംപിനെ 47.7 ശതമാനം വോട്ടും ലഭിച്ചു.
 

Latest News