പനജി- ഗോവയില്‍ അശ്ലീല വിഡിയോ ഷൂട്ടിങ് നടത്തിയതിന് നടി പൂനം പാണ്ഡെക്കെതിരെ നാട്ടുകാരുടെ പ്രതിഷേധവും തുടര്‍ന്ന് പോലീസ് കേസും വന്നെങ്കിലും എന്തുകൊണ്ട് ബീച്ചില്‍ നഗ്നനായി ഓടിയ മോഡല്‍ മിലിന്ദ് സോമനെതിരെ നടപടിയില്ല എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇരട്ടത്താപ്പ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ഇത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതോടെ പോലീസ് ഒടുവില്‍ മിലിന്ദിനെതിരേയും കേസെടുത്തിരിക്കുന്നു. സൗത്ത് ഗോവയിലെ ബീച്ചില്‍ പൂര്‍ണ നഗ്നനായി ഓടുന്ന ചിത്രം ദിവസങ്ങള്‍ക്കു മുമ്പാണ് മിലിന്ദ് സോമന്‍ തന്നെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. നഗ്നത പ്രദര്‍ശിപ്പിക്കല്‍ കുറ്റവും ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയും മിലിന്ദിനെതിരെ കേസെടുത്തതായി ഗോവ പോലീസ് സുപ്രണ്ട് പങ്കജ് കുമാര്‍ സിങ് സ്ഥിരീകരിച്ചു.
തന്റെ 55ാം പിറന്നാള്‍ ദിവസമായ നവംബര്‍ നാലിനാണ് മിലിന്ദ് നഗ്നന ഓട്ടത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. കേസിനെ സംബന്ധിച്ച് മിലിന്ദ് പ്രതികരിച്ചിട്ടില്ല.