കോഴിക്കോട്- ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് ആറു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുട്ടാപ്പി എന്ന നെല്ലിപ്പറമ്പില്‍ രതീഷിനെയാണ് (32) അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അയല്‍വാസിയായ രതീഷിനെ വ്യഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിക്കെതിരെ പോക്‌സോ ചുമത്തി.
ഡോഗ് സ്‌കോഡും ഫോറന്‍സിക് വിദഗ്ധരും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ചോദ്യം ചെയ്യാന്‍ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൊബൈല്‍ ലൊക്കേഷനടക്കമുള്ള തെളിവുകള്‍ ശേഖരിച്ചതിനു ശേഷം പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കരിങ്കല്‍ ക്വാറി തൊഴിലാളികളായ മാതാപിതാക്കള്‍ക്കും ഇളയ സഹോദരങ്ങള്‍ക്കുമൊപ്പം താമസിച്ചു വരുന്ന ആറു വയസുകാരിയാണ് ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷം ലൈംഗിക പീഡനത്തിനിരയായത്. രാത്രി 12 മണിയോടെ കുട്ടികളുടെ കരച്ചില്‍ കേട്ടതായി അയല്‍വീട്ടുകാരില്‍നിന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ബന്ധു വീട്ടില്‍ പോയ കുട്ടിയുടെ മാതാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പിതാവും പുറത്ത് പോയ സമയത്താണ് വീട്ടില്‍ അതിക്രമിച്ചു കടന്ന് കുട്ടിയെ ബലാത്സംഗം ചെയ്തത്.
രക്തം വാര്‍ന്ന് അവശയായ നിലയിലായിരുന്ന കുട്ടിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടയന്തിര ശസ്ത്രക്രിയ നടത്തി. വടകര റൂറല്‍ എസ്.പി ബി. ശ്രീനിവാസ്, താമരശ്ശേരി ഡിവൈ.എസ്.പി ഇ.പി. പ്രിഥിരാജ്, ബാലുശ്ശേരി എസ്.എച്ച്.ഒ ജീവന്‍ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.






