പട്‌ന- അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം ബി.ജെ.പിയുടെ ബി ടീമാണെന്നും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താനാവില്ലെന്നും കോണ്‍ഗ്രസ് ബിഹാര്‍ സംസ്ഥാന പ്രസിഡന്റ് മദന്‍ മോഹന്‍ ഝാ പറഞ്ഞു.
ജനങ്ങള്‍ ഒരിക്കലും അവരുടെ സമ്മതിദാനാവകാശം പാഴാക്കില്ലെന്നും തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. 2015 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണത്തിലും വോട്ടിംഗ് ശതമാനത്തിലും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
മഹാസഖ്യത്തിന്റെ വോട്ട് വിഹിതം കുറക്കുന്നതിന് ആള്‍ ഇന്ത്യാ മജ് ലിസെ ഇത്തിഹദുല്‍ മുസ്ലിമീനാവില്ല (എ.ഐ.എം.ഐ.എം). ജനങ്ങള്‍ ഒറ്റ വോട്ടും പാഴാക്കാതെ ബുദ്ധിപൂര്‍വം തന്നെ വിനിയോഗിക്കും.
ഉവൈസിയുടെ പാര്‍ട്ടി 20 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഈ മാസം ഏഴിന് നടക്കുന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പിലാണ് ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്. ഉപേന്ദ്ര കുശ് വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയാണ് മത്സരം.
ബി.ജെ.പിയുടെ നിലപാടുകളില്‍നിന്ന് വ്യത്യസ്തമല്ല കോണ്‍ഗ്രസിന്റെ നിലപാടുകളെന്ന് ചൂണ്ടിക്കാട്ടിയാണ് ഉവൈസി ബിഹാറില്‍ വേറെ സഖ്യമുണ്ടാക്കി മത്സരിക്കുന്നത്.






