Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; മൂന്ന് ദിവസത്തിനിടെ 1.24 കോടിയുടെ സ്വര്‍ണം

കരിപ്പൂരില്‍ വ്യാഴാഴ്ച രാത്രി പിടികൂടിയ സ്വര്‍ണ ഗുളികള്‍.

കൊണ്ടോട്ടി- കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വേട്ട. വ്യാഴം രാത്രി 11 മണിക്ക് ഇന്‍ഡിഗോ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം നിലമ്പൂര്‍ എടക്കര റിയാസ്ഖാന്‍(41)എന്ന യാത്രക്കാരനില്‍ നിന്നാണ് 831 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.


നാലു സ്വര്‍ണ ക്യാപ്‌സൂളുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ വന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രവന്റീവ് വിഭാഗം യാത്രക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് കളളക്കടത്ത് കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 43 ലക്ഷം വില ലഭിക്കും.

കരിപ്പൂരില്‍ ബുധന്‍,വ്യാഴം ദിവസങ്ങളില്‍ ഗള്‍ഫില്‍ നിന്നെത്തിയ അഞ്ച് യാത്രക്കാരില്‍ നിന്നായി 81 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ്ഇന്റലിജന്‍സ് പിടികൂടിയിരുന്നു.ഇവരില്‍ രണ്ട് യാത്രക്കാരില്‍ നിന്ന് ഒരുലക്ഷത്തിന്റെ വിദേശ സിഗരറ്റുകളും കണ്ടെത്തി.

ദുബായില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശി അനൂപ് ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 739 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.ഈ വിമാനത്തില്‍ മറ്റൊരു യാത്രക്കാരനായ കാസര്‍കോട് തെക്കില്‍ സ്വദേശി മജീദ് അബ്ദുല്‍ഖദറില്‍ നിന്നും 175 ഗ്രാം സ്വര്‍ണവും, ബാഗേജില്‍ ഒളിപ്പിച്ച 5000 നിരോധിത സിഗരറ്റും കണ്ടെത്തി. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇവ കൊണ്ടുവന്നത്.

ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ കാസര്‍കോട് മുളിയാര്‍ സ്വദേശി മുഹമ്മദ് ഫൈസലില്‍ നിന്ന് 215  ഗ്രാം സ്വര്‍ണവും 6000 നിരോധിത സിഗരറ്റുമാണ് പിടിച്ചത്. വസ്ത്രത്തിനുള്ളില്‍  ഒളിപ്പിച്ചു കടത്തിയതായിരുന്നു. ഷാര്‍ജയില്‍ നിന്ന് എയര്‍അറേബ്യ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി ആരിഫില്‍ നിന്ന് 232 ഗ്രാം സ്വര്‍ണവും,കാസര്‍കോട് പെരിയ സ്വദേശി അബ്ബാസ് അറഫാത്തില്‍ നിന്ന് 198 ഗ്രാം സ്വര്‍ണവുമാണ് കണ്ടെത്തിയത്.

കരിപ്പൂര്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ.കിരണ്‍,സൂപ്രണ്ടുമാരായ പ്രവീണ്‍ കുമാര്‍,കെ.പി മനോജ്,എം.പ്രകാശ്,രാധാ വിജയരാഘവന്‍,തോമസ് വര്‍ഗീസ് ഇന്‍സ്‌പെക്ടര്‍മാരായ അഭിലാഷ്,സൗരഭ്,സുമിത് നെഹ്‌റ,ജി.അരവിന്ദ് തുടങ്ങിയവരാണ് കളളക്കടത്ത് പിടിച്ചത്.

 

 

Latest News