ലഖ്‌നൗ- യുപിയിലെ ഹാഥ്‌റസില്‍ 19കാരിയായ ദളിത് പെണ്‍കുട്ടിയെ ഉയര്‍ന്ന ജാതിക്കാരായ നാലു യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര കാലമെടുക്കുമെന്ന് അലഹബാദ് ഹൈക്കോടതി സിബിഐയോട് ചോദിച്ചു. കേസില്‍ ഇനി വാദം കേള്‍ക്കുന്ന നവംബര്‍ 25നു തല്‍സ്ഥിതി റിപോര്‍ട്ട് നല്‍കണമെന്നും സിബിഐയോട് കോടതി ആവശ്യപ്പെട്ടു. സംഭവം കൈകാര്യ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണ വിധേയനായ ഹാഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റിനെ അന്വേഷണം നടക്കുമ്പോള്‍ ഇവിടെ തുടരാന്‍ അനുവദിക്കുന്നത്് യുക്തിസഹവും നീതിയുമാണോ എന്നു ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ചോദിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിനു വിട്ടു നല്‍കാതെ ദഹിപ്പിച്ചതില്‍ ജില്ലാ മജിസ്്‌ട്രേറ്റിനും പങ്കുണ്ട്. നേരത്തെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഹാഥ്‌റസ് ജില്ലാ പോലീസ് സുപ്രണ്ട് വിക്രാന്ത് വീര്‍ നല്‍കിയ സത്യവാങ്മൂലത്തിലും ഇക്കാര്യം പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണ നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഹാഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റായി പ്രവീണ്‍ കുമാര്‍ ലക്‌സ്‌കറെ തുടരാന്‍ അനുവദിക്കുന്നത് നീതിയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം.






