ഹരിയാനയില്‍ സ്വകാര്യ മേഖലാ ജോലികളില്‍ 75 ശതമാനം പ്രാദേശിക സംവരണം നടപ്പാക്കുന്നു

ഛണ്ഡീഗഢ്- സ്വകാര്യ മേഖലയിലെ ജോലികളില്‍ 75 ശതമാനം സ്വദേശികള്‍ക്ക് പ്രാദേശിക സംവരണം നല്‍കുന്ന ബില്ല് ഹരിയാന സര്‍ക്കാര്‍ പാസാക്കി. പ്രതിമാസം 50,000 രൂപയില്‍ താഴെ ശമ്പളമുള്ള ജോലികളിലാണ് ഈ സംവരണം. ഉപമുഖ്യമന്ത്രിയും ജനനായക് ജനതാ പാര്‍ട്ടി നേതാവുമായ ദുഷ്യന്ത് ചൗട്ടാലയാണ് ബില്‍ അവതരിപ്പിച്ചത്. അനുയോജ്യരായ ജോലിക്കാരെ ലഭിക്കാത്ത പക്ഷം കമ്പനികള്‍ക്ക് ഈ സംവരണം മറികടക്കാമെന്നും എന്നാല്‍ ഇത് മുന്‍കൂട്ടി സര്‍ക്കാരിനെ അറിയിക്കണമെന്നും ബില്ലില്‍ വകുപ്പുണ്ട്. 

ഇന്ത്യയില്‍ എവിടേയും ഏതു ജോലി ചെയ്യുന്നതിനും പൗരന്മാര്‍ക്ക് തുല്യാവകാശം നല്‍കുന്ന ഭരണഘടനയുടെ 14, 19 വകുപ്പുകള്‍ക്ക് എതിരാണ് ഈ ബില്ല്. ഇതു നിയമം ആകണമെങ്കില്‍ രാഷ്ട്രപതിയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. 

കുറവ് വേതനം ലഭിക്കുന്ന ജോലികള്‍ക്കു വേണ്ടി വന്‍തോതില്‍ കുടിയേറ്റ തൊഴിലാളികള്‍ മത്സരിക്കുകയും പ്രാദേശികമായി ഇത് അടിസ്ഥാനസൗകര്യ രംഗത്തും ഭവന രംഗത്തും ഇതുണ്ടാക്കുന്ന ആഘാതങ്ങളും ചേരികളുടെ വ്യാപനവും കണക്കിലെടുത്താണ് സംവരണം കൊണ്ടു വരുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു.

ബില്ല് നിയമമായി മാറിയാല്‍ മൂന്ന് മാസത്തിനകം എല്ലാ സ്വകാര്യ കമ്പനികളും 50,000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്ന എല്ലാ ജീവനക്കാരുടേയും പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. വീഴ്ച ഉണ്ടായാല്‍ 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും ബില്ല് അനുശാസിക്കുന്നു.
 

Latest News