Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ വാട്‌സാപ്പ് പേ ഉടന്‍; അനുമതി ലഭിച്ചു, രണ്ടു കോടി ഉപയോക്താക്കള്‍ക്കു മാത്രം

ന്യൂദല്‍ഹി- ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സാപ്പിലൂടെ പണമിടപാടുകള്‍ സാധ്യമാക്കുന്ന പേമെന്റ് സംവിധാനം ഇന്ത്യയില്‍ ലഭ്യമാക്കാന്‍ വാട്‌സാപ്പിന് നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അനുമതി നല്‍കി. ആദ്യ ഘട്ടത്തില്‍ രണ്ടു കോടി ഉപയോക്താക്കള്‍ക്കു മാത്രമെ വാട്‌സാപ്പ് പേ സൗകര്യം നല്‍കാവൂ എന്നും എന്‍പിസിഐ നിര്‍ദേശിച്ചു. തേഡ് പാര്‍ട്ടി പേമെന്റ് ആപ്പുകള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് 2021 ജനുവരി മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് നേരത്തെ എന്‍പിസിഐ പ്രഖ്യാപിച്ചിരുന്നു. പരമാവധി 30 ശതമാനം ഇടപാടുകളെ ഈ ആപ്പുകള്‍ വഴി അനുവദിക്കൂവെന്നാണ് എന്‍പിസിഐ പറയുന്നത്. ഇത് ഏറെ സ്വീകാര്യതയുള്ള പേമെന്റ് ആപ്പുകളായ ഗൂഗ്ള്‍ പേ, ഫോണ്‍പെ എന്നീ ആപ്പുകളേയും ബാധിക്കും. ഇന്ത്യയിലെ യുപിഐ ഇടപാടുകളുടെ 40 ശതമാനവും ഈ രണ്ടു ആപ്പുകളിലൂടെയാണ് നടക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

വാട്‌സാപ്പ് പേ വരുന്നത് ഭീഷണി ആയാണ് മറ്റു കമ്പനികള്‍ കാണുന്നത്. 40 കോടി ഉപയോക്താളുള്ള വാട്‌സാപ്പിന് പേമെന്റ് സര്‍വീസിലേക്ക് വളരെ വേഗത്തില്‍ ഈ ഉപഭോക്താക്കളില്‍ വലിയൊരു ശതമാനത്തെ വേഗത്തില്‍ എത്തിക്കാന്‍ കഴിയുമെന്നും ഇത് വിപണിയില്‍ വാട്‌സാപ്പിന് അന്യായമായ നേട്ടമുണ്ടാക്കിക്കൊടുക്കുമെന്നുമാണ് ആശങ്ക. ഇതിനെതിരെ കോംപറ്റീഷനില്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ വാട്‌സാപ്പിനെതിരെ പരാതിയും ഉണ്ടായിരുന്നു. എന്നാല്‍ വാട്‌സാപ്പ് തങ്ങളുടെ ഉപഭോക്തൃ വൃന്ദത്തെ ദുരുപയോഗം ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയ കമ്മീഷന്‍ പരാതി ഈയിടെ തള്ളിയിരുന്നു. 

മൂന്ന് പ്രധാന ബാങ്കുകളുമായി പങ്കാളിത്തമുണ്ടാക്കിയ വാട്‌സാപ്പ് പേ ഈ വര്‍ഷം മേയില്‍ അവതരിപ്പിക്കുമെന്ന് നേരത്തെ റിപോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇപ്പാള്‍ എന്‍പിസിഐയുടെ പച്ചക്കൊടി ലഭിച്ചതോടെ ഈ ദീപാവലി സീസണില്‍ തന്നെ ഇത് അവതരിപ്പിച്ചേക്കും.
 

Latest News