ഹര്‍ദിക്കിന്റെ അന്ത്യശാസനം ഏറ്റു; പട്ടിദാര്‍ സംവരണവുമായി കോണ്‍ഗ്രസ്

ഗാന്ധിനഗര്‍- നവംബര്‍ മൂന്നിനകം പട്ടിദാര്‍ വിഭാഗത്തിനു നല്‍കുന്ന സംവരണം സംബന്ധിച്ച് കോണ്‍ഗ്രസ് നിലപാടു വ്യക്തമാക്കണമെന്ന് ഹര്‍ദിക് പട്ടേല്‍  നല്‍കിയ അന്ത്യശാസനം ഏറ്റു. പട്ടിദാര്‍ വിഭാഗത്തിന്റെ സംവരണ ആവശ്യം പൂര്‍ണമായും അംഗീകരിച്ചില്ലെങ്കിലും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള വിഭാഗക്കാര്‍ക്ക് (ഇബിസി) നല്‍കുന്ന സംവരത്തില്‍ അവരേയും പരിഗണിക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. പട്ടിദാര്‍ പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്ന പോലെ മറ്റു പിന്നാക്ക വിഭാഗ (ഒബിസി) സംവരണത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിച്ചില്ല.
ഗുജറാത്തിലെ വോട്ടര്‍മാരില്‍ ഏറെ സ്വാധീനമുള്ള പട്ടിദാര്‍ സമുദായവും കോണ്‍ഗ്രസും തമ്മില്‍ മികച്ച ബന്ധം രൂപപ്പെട്ടുവരുന്നതിനിടെയാണ് പ്രക്ഷോഭ നേതാവ് ഹര്‍ദികിന്റെ അപ്രതീക്ഷിത അന്ത്യശാസനം. കോണ്‍ഗ്രസ് നല്‍കിയ പുതിയ സംവരണ വാഗ്ദാനം ഇരു കൂട്ടരും തമ്മിലുള്ള നല്ല ബന്ധത്തെ ബാധിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഒബിസി സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഇവരുടെ ആവശ്യത്തെ ചൊല്ലിയാണ് പട്ടിദാര്‍ വിഭാഗം ബിജെപിയുമായി ഇടഞ്ഞത്.
നവംബര്‍ മൂന്നിനകം കോണ്‍ഗ്രസ് സംവരണ നയം വ്യക്തമാക്കിയില്ലെങ്കില്‍ സൂറത്തില്‍ നടക്കാനിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ റാലി തടയുമെന്നും ഹര്‍ദിക് ഭീഷണി മുഴക്കിയിരുന്നു. പട്ടിദാര്‍ വിഭാഗത്തിന് ഇബിസി വിഭാഗത്തില്‍ സംവരണം ഉറപ്പുവരുത്താന്‍ ശ്രമിക്കുമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരതിസിന്‍ഹ് സോളങ്കിയും വ്യക്തമാക്കിയിരുന്നു.
ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ ഇബിസി സംവരണത്തില്‍ 20 ശതമാനം പ്രത്യേക ക്വോട്ട പട്ടിദാര്‍ വിഭാഗം ഉള്‍പ്പെടെയുള്ള ഉന്നതജാതിക്കാര്‍ക്ക് നല്‍കുമെന്ന് സോളങ്കി വ്യക്തമാക്കി. നിയമസഭയില്‍ ഇതിനായി ബില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഗുജറാത്തില്‍ നിലവിലുള്ള 27 ശതമാനം ഒബിസി സംവരണത്തിനകത്ത് പട്ടിദാര്‍ സമുദായത്തെ കൂടി ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസിനു എങ്ങിനെ കഴിയുമെന്ന് വ്യക്തമാക്കണമെന്നാണ് പടിദാര്‍ അനാമത് ആന്ദോളന്‍ സമിതി ശനിയാഴ്ച പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടത്.
ഗുജറാത്ത് ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന 146 ജാതികളാണ് നിലവില്‍ ഒബിസി സംവരണത്തില്‍ ഉള്‍പ്പെടുന്നത്. പരമ്പരാഗതമായി ബിജെപിയെ പിന്തുണക്കുന്നവരായ പട്ടിദാര്‍ വിഭാഗം 12 ശതമാനം വരും. വിദ്യാഭ്യാസ രംഗത്തും ജോലികളിലുമാണ് ഒബിസി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പട്ടിക ജാതി വിഭാഗത്തിന് ഏഴ് ശതമാനവും പട്ടിക വര്‍ഗ വിഭാഗത്തിന് 15 ശതമാനവും സംവരണമുണ്ട്.
 
 

Latest News