ലോക്ഡൗണിന് മുമ്പ് ലണ്ടനില്‍ കൂട്ടപ്പലായനം, ഗതാഗത സ്തംഭനം  

ലണ്ടന്‍-നാല് ആഴ്ച  ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ്  ഷോപ്പിംഗിനും യാത്രകള്‍ക്കും തലസ്ഥാന നഗരത്തിലടക്കം ഇറങ്ങിയ ജനം നടുറോഡില്‍ കുരുങ്ങി. എത്രയും വേഗം നഗരം വിടാനിറങ്ങിയ ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ നടുറോഡില്‍പെട്ടു. യുകെയിലെ നിരത്തുകളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഗതാഗത തടസമാണ് ഇതോടെ രൂപപ്പെട്ടത്. നഗരത്തിലെ റോഡുകളില്‍ 1200 മൈല്‍ നീളമുള്ള ക്യൂ പ്രത്യക്ഷപ്പെട്ടെന്നാണ് ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്.  2624 ട്രാഫിക് ജാമുകളും രേഖപ്പെടുത്തി. തലസ്ഥാന നഗരത്തിലെ റോഡുകളില്‍ ഒരു മണിക്കൂറിലേറെ ഡ്രൈവര്‍മാര്‍ കുടുങ്ങി. നോര്‍ത്ത് സര്‍ക്കുലാര്‍ മേഖലയിലെ ട്രാഫിക് എട്ട് മൈലെങ്കിലും നീണ്ടു. ഇംഗ്ലണ്ടിലെ പല മേഖലയിലും സമാനമായ സ്ഥിതിയാണ് രൂപപ്പെട്ടത്.  ആളുകള്‍ ലോക്ക്ഡൗണിന് മുന്‍പ് ഷോപ്പിംഗിനും, യാത്രകള്‍ക്കും ഇറങ്ങിയതാണ് പ്രശ്‌നമായത്. 
ഡിസംബര്‍ 2ന് ലോക്ക്ഡൗണ്‍ അവസാനിക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവര്‍ത്തിക്കുന്നതെങ്കിലും ഇത് ദീര്‍ഘിപ്പിച്ചേക്കാമെന്നാണ് ആശങ്ക. ക്രിസ്മസ് വരെ ലോക്ക്ഡൗണ്‍ നീളുമെന്നാണ് അഭ്യൂഹങ്ങള്‍. ഈ ഭയം മൂലമാണ് ജനങ്ങള്‍ കുടുംബങ്ങള്‍ക്ക് സമീപത്തേക്കും ഷോപ്പിംഗിനായും നേരത്തെ നീങ്ങിയത്. മൂന്ന് ദശകത്തിന് ഇടെയുള്ള ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക് ആണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 


 

Latest News