മൊഗദിഷു- സോമാലിയന്‍ തലസ്ഥാനമായ മൊഗദിഷുവിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 30 ലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപത്തെ പ്രശസ്തമായ നസ ഹബ്ലോദ് ഹോട്ടലിനു പുറത്താണ് ട്രക്കിലെത്തിയ ഭീകര സംഘം സ്ഫോടനം നടത്തിയത്. ഇതേസമയം ഹോട്ടലിലെ മുകള്‍ നിലയില്‍ ഒളിഞ്ഞിരുന്ന ഭീകരസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷാ സേനയും തമ്മില്‍ വെടിവെപ്പും ഉണ്ടായി. ഇതിനിടെ രണ്ടു സ്ഫോടനങ്ങള്‍ കൂടി നടന്നു. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാധാരണക്കാരും ഭീകരാക്രമണത്തില്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ആക്രമണം നടത്തിയ ഭീകരസംഘത്തിലെ മൂന്ന് ഭീകരരെ സുരക്ഷാ സേന വെടിവച്ചു കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. മറ്റു രണ്ടു പേര്‍ ഗ്രനേഡുകള്‍ എറിഞ്ഞ് ഹോട്ടലിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. അതീവ സുരക്ഷയുള്ള ഹോട്ടലിനു സമീപം വേഷം മാറി ട്രക്കിലെത്തിയ ഭീകരര്‍ വാഹനം കേടായ പോലെ അഭിനയിച്ചു ഹോട്ടലിനു മുന്നില്‍ നിര്‍ത്തുകയായിരുന്നു. പൊടുന്നനെയാണ് ട്രക്ക് പൊട്ടിത്തെറിച്ചത്.
ആഫ്രിക്കയിലെ ഭീകര സംഘടനയായ അല്‍ ശബാബ് ഹോട്ടല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥനും മുന്‍ മന്ത്രിയും പാര്‍ലമെന്റ് അംഗവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് പോലീസ് അറിയിച്ചു. അല്‍ ശബാബ് ഭീകരര്‍ സൈന്യത്തിന്റെ വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
മൊഗാദിഷുവിലെ തിരക്കേറിയ തെരുവില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കുമായി ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 350 പേര്‍ കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇവിടെ വീണ്ടും ഭീകരാക്രമണം.






