Sorry, you need to enable JavaScript to visit this website.

വിജയത്തിനരികെ എത്തിയ  ജോ ബൈഡന്‍  ആദ്യ ഭരണതീരുമാനം പ്രഖ്യാപിച്ചു  

ന്യൂയോര്‍ക്ക്-അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയത്തിനരികെ എത്തി നില്‍ക്കെ ആദ്യ ഭരണതീരുമാനം പ്രഖ്യാപിച്ച് ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ട്രംപിന്റെ തെറ്റായ നയങ്ങള്‍ തിരുത്തുമെന്ന് വ്യക്തമാക്കിയ അദ്ദേഹം പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ നടപടി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങാനുള്ള ട്രംപിന്റെ ഉത്തരവ് നിലവില്‍ വന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം. 77 ദിവസത്തിനുള്ളില്‍ ഉടമ്പടിയിലേക്ക് തിരിച്ചുകയറുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കാലാവസ്ഥ വ്യതിയാനം തടയുന്നതിനുവേണ്ടിയുള്ള ഉടമ്പടിയാണിത്. അതിനിടെ ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ മണിക്കൂറുകളിലെ ട്രംപിന്റെ പോസ്റ്റുകള്‍ക്കാണ് ഫേസ്ബുക്കും ട്വിറ്ററും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ട്രംപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പല ട്വീറ്റുകളു മറച്ചു. ജനാധിപത്യ പ്രക്രിയയെ തടസപ്പെടുത്തുന്നതെന്ന് ആരോപിച്ചാണ് ട്വിറ്ററിന്റെ നടപടി. ട്വീറ്റുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ട്വിറ്റര്‍ വിശദീകരിക്കുന്നു. ഫേസ്ബുക്ക് ട്രംപിന്റെ പേജിലെ എല്ലാ പോസ്റ്റുകള്‍ക്ക് അടിയിലും, ഫാക്ട് ചെക്ക് ഫഌഗുകള്‍ നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ട്രംപിന്റെ സന്ദേശങ്ങളും പോസ്റ്റുകളും ഫാക്ട് ചെക്കിന് വിധേയമാണ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്.
തെരഞ്ഞെടുപ്പില്‍ ട്രംപിന് എതിരെ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് ബൈഡന്‍. 538 അംഗ ഇലക്ടറല്‍ കോളജില്‍ 264 എണ്ണം ഉറപ്പാക്കിയ ബൈഡന്‍ നിലവിലെ ലീഡ് തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 കടക്കും. സ്വിംഗ് സ്‌റ്റേറ്റുകളായ വിസ്‌കോണ്‍സിനില്‍ വിജയിക്കുകയും മിഷിഗണില്‍ ലീഡും ചെയ്യുന്നതാണ് ബൈഡന്റെ വിജയ സാധ്യത കൂട്ടുന്നത്. 6 ഇലക്ടറല്‍ കോളജ് അംഗങ്ങളുള്ള നെവാഡയില്‍ ബൈഡനു മേല്‍ക്കൈ ഉണ്ട്. ഇവിടെ ജയം പിടിച്ചാല്‍ ബൈഡനു പ്രസിഡന്റാകാം.
ജോര്‍ജിയയിലെ ഫലവും നിര്‍ണായകമാവും. വിസ്‌കോണ്‍സിനില്‍ 20,697 വോട്ടിന് ആണ് ഡോണള്‍ഡ് ട്രംപിനെ ബൈഡന്‍ മറികടന്നത്. മിഷിഗണില്‍ 32,000 വോട്ടുകള്‍ക്കാണ് ബൈഡന്‍ ലീഡ് ചെയ്യുന്നത്. ഒരു ലക്ഷത്തോളം ബാലറ്റുകള്‍ മാത്രമാണ് ഇനി എണ്ണാന്‍ അവശേഷിക്കുന്നത്. നിലവിലുള്ള പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിന് 214 ഇലക്ടറല്‍ കോളജ് അംഗങ്ങളാണ് ഉറപ്പായിട്ടുള്ളത്.


 

Latest News