Sorry, you need to enable JavaScript to visit this website.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സുരേന്ദ്രന്‍ രാഷ്ട്രീയ  ഗൂഢാലോചന നടത്തുന്നു- ശോഭ സുരേന്ദ്രന്‍

തൃശൂര്‍- ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പരസ്യ വിമര്‍ശനവുമായി വീണ്ടും വീണ്ടും ശോഭ സുരേന്ദ്രന്‍. തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ സുരേന്ദ്രന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നും വ്യക്തിപരമായി തന്നെ തേജോവധം ചെയ്യുകയാണെന്നും ശോഭ ആരോപിച്ചു. സുരേന്ദ്രന്റെ നിലപാടുകളില്‍ താനടക്കം പലരും അസംതൃപ്തരാണെന്ന് ശോഭ പറയുന്നു. ഇവരെയെല്ലാം ഒന്നിച്ചു ചേര്‍ത്ത് സുരേന്ദ്രനെതിരെ നീക്കം നടത്തുന്നുണ്ടെങ്കിലും കേന്ദ്രനേതൃത്വം ഇതുവരെയും ശോഭയ്ക്ക് അനുകൂലമായി ഒന്നും പ്രതികരിച്ചിട്ടില്ല.
അതിനിടെ സംസ്ഥാന ഘടകത്തിനകത്തെ സ്ഥിതിഗതികള്‍ വിശദീകരിച്ച് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തിന് വിശദമായ കത്തു നല്‍കിയിട്ടുണ്ടെന്നറിയുന്നു. വിശദീകരണമാണെങ്കിലും അതില്‍ ശോഭയടക്കം പരസ്യപ്രതികരണം നടത്തിയ നേതാക്കള്‍ക്കെതിരെയുള്ള പരാതിയുണ്ടെന്നും സൂചനയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടെന്ന് എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് പറഞ്ഞുനടക്കാന്‍ അവസരമുണ്ടാക്കിയ ശോഭയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യം സുരേന്ദ്രന്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകാന്‍ സാധിക്കുമെന്നും വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് സുരേന്ദ്രന്റെ കത്തിന്റെ ഉള്ളടക്കമെന്നും പറയുന്നുണ്ട്. തന്നെ എന്തു കാരണത്താലാണ് പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാതെ തഴയുന്നതെന്നാണ് ശോഭയുടെ പ്രധാന ചോദ്യം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിപ്പിച്ചതും പാര്‍ട്ടിക്കു വേണ്ടി ഇത്രകാലം ശക്തമായി പ്രവര്‍ത്തിച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ശോഭ ചോദ്യമുന്നയിക്കുന്നത്. തന്നെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് ശോഭയെ ചൊടിച്ചിപ്പിച്ചത്. രാഷ്ട്രീയ വനവാസത്തിലേക്ക് ശോഭ നീങ്ങിയതിന്റെ കാരണവും ഇതാണ്. 
 

Latest News