പട്‌ന- ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ഭിന്നത. യോഗിയുടെ പേരെടുത്തു പറയാതെ ബി.ജെ.പിയുടെ വിഭാഗീയത വളര്‍ത്തുന്ന നയങ്ങളെ നിതീഷ് പൊതുയോഗത്തില്‍ ചോദ്യം ചെയ്തു.
ബിഹാറില്‍ പ്രചാരണത്തിനെത്തിയ യോഗി നുഴഞ്ഞുകയറിയവരെ പുറന്തള്ളുമെന്ന് പറഞ്ഞത് നിതീഷിന് ഇഷ്ടമായിട്ടില്ല.
ആരാണ് ഇത്തരം അസംബന്ധങ്ങള്‍ പറയുന്നതെന്നും ആരാണ് ജനങ്ങളെ പുറന്തള്ളുകയെന്നും നിതീഷ് തെരഞ്ഞെടുപ്പ് യോഗത്തില്‍ ചോദിച്ചു. എല്ലാവരും ഇന്ത്യക്കാരാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു
ആരാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. സാഹോദര്യത്തിനും സൗഹാര്‍ദത്തിനും വേണ്ടിയാണ് നമ്മുടെ പ്രവര്‍ത്തനം. അങ്ങനെയാണെങ്കില്‍ മാത്രമേ പുരോഗതിയുണ്ടാകൂ. ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് വേറെ ജോലിയൊന്നുമില്ല- അദ്ദേഹം പറഞ്ഞു.
എല്ലാവരേയും ഉള്‍ക്കൊണ്ടു പോകുകയെന്നത് നമ്മുടെ സംസ്‌കാരവും ദൗത്യവുമാണ്. എങ്കില്‍ മാത്രമേ ബിഹാറിനു പുരോഗതി കൈവരിക്കാനാകൂ- പരോക്ഷ വിമര്‍ശനം ഉന്നയിച്ചുള്ള ട്വീറ്റില്‍ മുഖ്യമന്ത്രി നിതീഷ് പറഞ്ഞു.






