ഇന്ത്യക്കാര്‍ക്ക് ഗള്‍ഫിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണം; ജി.സി.സി നേതൃത്വത്തോട് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- കോവിഡ് പ്രതിസന്ധിക്കിടെ നാട്ടിലേക്ക് നടങ്ങിയ പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ.

ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് കേന്ദ്ര വിദേശാകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കളുടെ വിതരണം തുടരുമെന്നും മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി. കോവിഡ് പ്രതിസന്ധിക്കാലത്ത് ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ക്ക് സുരക്ഷയൊരുക്കി ജിസിസി രാജ്യങ്ങള്‍ക്ക് മന്ത്രി നന്ദി അറിയിച്ചു.

വിവിധ ജിസിസി രാജ്യങ്ങളിലേക്ക് ജോലിക്കായി മടങ്ങാന്‍ കാത്തിരിക്കുന്ന  വലിയൊരു വിഭാഗം ഇന്ത്യക്കാരുണ്ട്. ഇന്ത്യന്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് ഇവരുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മടക്കത്തിനായി പ്രത്യേക യാത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും എസ്. ജയശങ്കര്‍ ജിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു. കോവിഡ് രൂക്ഷമായ കഴിഞ്ഞ മാസങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി എത്തിയത്.

യോഗത്തില്‍ എസ്. ജയശങ്കറിനൊപ്പം ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് എം. അല്‍ ഹജ്‌റഫ്, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുള്‍ ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനി, യുഎഇ വിദേശകാര്യ മന്ത്രി മുഹമ്മദ് ഗര്‍ഗാഷ് എന്നിവരും പങ്കെടുത്തു.

ഇന്ത്യയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക പങ്കാളിത്തം കരുത്തുറ്റതാക്കുമെന്ന് ജിസിസി നേതൃത്വം ഉറപ്പു നല്‍കിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

Tags

GCC

Latest News