ബര്‍ധമാന്‍- പശ്ചിമബംഗാളിലെ പര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ മൂന്നംഗ കുടുംബത്തെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സംരക്ഷണ സേനാംഗം ഭാര്യയേയും നാല് വയസ്സായ മകനേയും തീയിട്ട് കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തി മരിച്ചതാണെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ പതിനൊന്ന് വയസ്സായ മകള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു.
മന്തേശ്വര് പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന മിസ്ട്രിപാറ ഗ്രാമത്തിലാണ് സംഭവം. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
രാത്രി ഒരു മണിയോടെ വിളിച്ച് എഴുന്നേല്പിച്ച് കുടുംബം ഒരുമിച്ച് ജീവനൊടുക്കുകയാണെന്ന് 38 കാരനായ സദേബ് ദേ പറഞ്ഞതായി മകള്‍ പോലീസിനോട് പറഞ്ഞു. അച്ഛന് സ്വന്തം ദേഹത്തും അമ്മ രേഖയുടേയും സഹോദരന് സ്നേഹാംശുവിന്റേയും ശരീരങ്ങളിലും മണ്ണെണ്ണ ഒഴിച്ചപ്പോള്‍ താന്‍ പുറത്തിറങ്ങി രക്ഷപ്പെട്ടുവെന്നാണ് പെണ്‍കുട്ടി നല്കിയ മൊഴി.
മൂന്ന് മണിയോടെ പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. പോലീസ് അഡിഷണല്‍ സൂപ്രണ്ട് ധ്രുബദാസ് സ്ഥലത്തെത്തി ബന്ധുക്കളോടും അയല്‍വാസികളോടും വിവരങ്ങള്‍ ആരാഞ്ഞു. അഞ്ച് വര്‍ഷമായി സദേബ് ദേ കത് വയിലാണ് ജോലി ചെയ്തിരുന്നതെന്ന് കത് വ ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ബിബേക് സിംഗ് പറഞ്ഞു.






