ഈദ് ഗാഹില്‍ ഹനുമാന്‍ മന്ത്രം ചൊല്ലിയ നാലു പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു

മഥുര- ഉത്തര്‍ പ്രദേശിലെ മഥുരയില്‍ ക്ഷേത്ര പരിസരത്ത് രണ്ടു പേര്‍ നമസ്‌ക്കരിച്ചത് വിവാദമായതിനു പിന്നാലെ ഇവിടെ ഈദ്ഗാഹില്‍ ഹനുമാന്‍ മന്ത്രം ചൊല്ലിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ ബിജെപി യുവജനവിഭാഗം നേതാവാണ്. സൗരഭ് നംബര്‍ദാര്‍, രാഘവ് മിത്തല്‍, റൗകി, കന്‍ഹ എന്നിവരാണ് ഗോവര്‍ധന്‍-ബര്‍സാന റോഡിലെ ഈദ്ഗാഹില്‍ കയറി ഹിന്ദു പ്രാര്‍ത്ഥനാ മന്ത്രം ചൊല്ലിയത്. സമാധാന അന്തരീക്ഷത്തിന് വിഘ്‌നം സൃഷ്ടിച്ചെന്ന കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 

അതിനിടെ ഭാഗ്പത് ജില്ലയിലെ ഖേക്‌റയില്‍ ബിജെപി നേതാവ് മനുപാല്‍ ബന്‍സല്‍ ഒരു മസ്ജിദില്‍ കയറി ഗായത്രി മന്ത്രവും ഹനുമാന്‍ മന്ത്രവും ചൊല്ലി. സാമുദായിക സൗഹാര്‍ദ സന്ദേശം പ്രചരിപ്പിക്കാനാണ് ഇതു ചൊല്ലിയതെന്നും പള്ളി ഇമാമിന്റെ അനുവാദം വാങ്ങിയിരുന്നെന്നും ആര്‍എസ്എസിനു കീഴിലുള്ള പോപുലേഷന്‍ സൊലൂഷന്‍സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകന്‍ കൂടിയായ ബന്‍സല്‍ പറഞ്ഞു.
 

Latest News