Sorry, you need to enable JavaScript to visit this website.

വകതിരിവില്ലാത്ത നോട്ട് നിരോധം സമ്പദ്‌രംഗം തകര്‍ത്തു

  • നോട്ടുനിരോധം എലിയെ പേടിച്ച്  ഇല്ലം ചുടൽ- പി. ചിദംബരം

രാജ്‌കോട്ട് - പ്രധാനമന്ത്രി മോഡിയുടെ നോട്ട് അസാധുവാക്കൽ തീരുമാനം എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന നടപടിയായിരുന്നുവെന്ന് മുൻ ധനമന്ത്രി പി. ചിദംബരം. നോട്ട് നിരോധവും ജി.എസ്.ടിയും സമ്പദ്‌രംഗത്തെ തകർത്തു. ചെറുകിട, ഇടത്തരം ബിസിനസ്സുകൾ അടച്ചുപൂട്ടേണ്ടി വന്നു. തൊഴിൽ വളർച്ച മുരടിപ്പിച്ചു- അദ്ദേഹം പറഞ്ഞു. 

രാജ്‌കോട്ടിൽ സംഘടിപ്പിച്ച സംവാദത്തിൽ വ്യവസായികളുമായി സംസാരിക്കുകയായിരുന്നു ചിദംബരം. നോട്ടുനിരോധം ധീരമായ ഒരു നടപടിയായിരുന്നില്ല, മറിച്ച് വകതിരിവില്ലാത്ത തീരുമാനമായിരുന്നു. എന്താണ് ധീരമായ തീരുമാനം? കർഷകൻ ആത്മഹത്യ ചെയ്യുന്നതാണോ ധീരമായ തീരുമാനം? ആത്മഹത്യക്കും വേണമല്ലോ ധീരത. നിങ്ങളത് സ്വാഗതം ചെയ്യുമോ? രണ്ടു മൂന്നു മാസം രാജ്യത്തെ ജനങ്ങളെ മുഴുവൻ ക്യൂവിൽ നിർത്തി. 140 പേർക്ക് ജീവൻ നഷ്ടമായി. ദിവസക്കൂലിക്ക് പണിയെടുക്കുന്ന സാധാരണക്കാർ രണ്ടുമാസം പണിയില്ലാതെ വീട്ടിലിരുന്നു. നോട്ടുനിരോധം തികച്ചും വിഡ്ഢിത്തമായിരുന്നു- ചിദംബരം പറഞ്ഞു.
നോട്ട് അസാധുവാക്കൽ നടപ്പിലാക്കാൻ തനിക്കുമേലാണ് സമ്മർദം ചെലുത്തുന്നതെങ്കിൽ താൻ ധനമന്ത്രി സ്ഥാനം രാജിവച്ചേനെയെന്നും  ചിദംബരം പറഞ്ഞു. നോട്ട് അസാധുവാക്കൽ നടപ്പാക്കാൻ എന്റെ പ്രധാനമന്ത്രി നിർദേശിച്ചിരുന്നെങ്കിൽ ആദ്യം ഞാൻ എതിർക്കുമായിരുന്നു. തുടർന്നും സമ്മർദം ചെലുത്തിയാൽ രാജിവയ്ക്കുന്നതിനും തയാറാകുമായിരുന്നു. '
നോട്ട് അസാധുവാക്കലും പെട്ടെന്നുള്ള ജി.എസ്.ടി നടപ്പാക്കലുമാണ് മോഡി സർക്കാരിന്റെ ഏറ്റവും വലിയ അബദ്ധങ്ങൾ. 
നോട്ട് അസാധുവാക്കൽ വളരെ മോശം ആശയമായിരുന്നു. ജി.എസ്.ടി നല്ല പദ്ധതിയായിരുന്നെങ്കിൽ അതിന്റെ നടപ്പാക്കൽ എടുത്തുചാട്ടമായിരുന്നു. കൂടുതൽ ശ്രദ്ധയോടെയും കരുതലോടെയും വേണമായിരുന്നു അത് നടപ്പാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 
പ്രധാനമന്ത്രിയുടെ മോഹപദ്ധതിയായ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ അത്ര പ്രാധാന്യം അർഹിക്കുന്ന ഒന്നല്ല. ട്രെയിനുകളിലെ സുരക്ഷ, ശുചിത്വം എന്നിവയും കൂടുതൽ നല്ല കംപാർട്ട്‌മെന്റുകളും സ്‌റ്റേഷനുകളും അനുവദിക്കുക, സിഗ്‌നലിങ് സിസ്റ്റം മെച്ചപ്പെടുത്തുക, സബേർബൻ ഗതാഗതം മെച്ചപ്പെടുത്തുക എന്നിവയുമാണ് പ്രാധാന്യം അർഹിക്കുന്നവ. 
ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തിയായാൽ അതിന്റെ ഉപയോഗം അറുന്നൂറു പേർക്കു പോലും ലഭിക്കില്ല. ഇതിനായി ജപ്പാനിൽനിന്ന് വലിയ തുക കേന്ദ്രം കടമെടുത്തിട്ടുണ്ട്. ജനങ്ങൾക്ക് ആവശ്യമുള്ള ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സർക്കാരിന് ഈ പണം ഉപയോഗിക്കാം. ഇപ്പോഴല്ല, പത്തോ പതിനഞ്ചോ വർഷങ്ങൾക്കുശേഷം മാത്രമേ ബുള്ളറ്റ് ട്രെയിനുകൾക്ക് പ്രാധാന്യം വർധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. 
 

Latest News