Sorry, you need to enable JavaScript to visit this website.

മകന്റെ ക്രൂരമര്‍ദനം: മാതാവ് ആശുപത്രിയില്‍

മഞ്ചേരി- മകന്‍ ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് മാതാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തപ്പിരിയം വായനശാലക്കടുത്ത് പരേതനായ നീരോല്‍പ്പന്‍ ഉസ്മാന്‍ മദനിയുടെ ഭാര്യ മൈമൂന (63)ക്കാണ് പരിക്കേറ്റത്. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. മകള്‍ സിദറത്തുല്‍ മുന്‍തഹ (38)ക്കും മര്‍ദനത്തില്‍ പരിക്കുണ്ട്. മാതാവിനെയും സഹോദരിയെയും മര്‍ദിച്ചതിന് മകന്‍ യുസ്‌രി (31)ക്കെതിരെ എടവണ്ണ പോലീസ് കേസടുത്തു. പരിക്കേറ്റ മൈമൂന എടവണ്ണ പഞ്ചായത്ത് അംഗമാണ്.
സ്ഥലത്തിന്റെ ആധാരം കാണാതായതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. യുസ്്‌രിയാണ് ആധാരമെടുത്തതെന്ന് സിദ്‌റ കുറ്റപ്പെടുത്തിയതില്‍ പ്രകോപിതനായി ഇരുവരെയും മര്‍ദിക്കുകയായിരുന്നു. സിദ്‌റയെ തല ഭിത്തിയില്‍ ഇടിക്കുകയും തോളില്‍ കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു.  ഇത് തടയാനെത്തിയ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിക്കുകയും കൈ പിടിച്ച് തിരിച്ച് ഒടിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഇക്കഴിഞ്ഞ സെപ്തംബര്‍ 20നും യുസ്‌രി മാതാവിനെ മര്‍ദിച്ചിരുന്നു.  സുഹൃത്തുക്കളോടൊപ്പം വീട്ടിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു അക്രമം. ഗുരുതരമായി പരിക്കേറ്റ മൈമൂന ദിവസങ്ങളോളം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  ഇതു സംബന്ധിച്ചും എടവണ്ണ പോലീസ് കേസെടുത്തിരുന്നു.  മകന്റെ അക്രമവുമായി ബന്ധപ്പെട്ട് എട്ട് പരാതികള്‍ നല്‍കിയതായി മൈമൂന പറഞ്ഞു. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഗാര്‍ഹിക പീഡന സംരക്ഷണ നിയമ പ്രകാരവും മൈമൂന മകനെതിരെ പരാതി നല്‍കിയിരുന്നു.ഇതില്‍ കോടതിയുടെ അനുകൂല വിധിയും ലഭിച്ചിരുന്നു. എന്നാല്‍ മകന്റെ അക്രമം തുടരുകയാണെന്ന് മൈമൂന പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
അഞ്ചുമാസം മുമ്പ് സിദ്‌റയുടെ സ്‌കൂട്ടര്‍ കത്തിയ സംഭവത്തില്‍ സഹോദരനെ സംശയിച്ചിരുന്നു. പോലീസ് എത്തുന്നതിന് മുമ്പ് സ്‌കൂട്ടര്‍ എടുത്തുമാറ്റി സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് തെളിവു നശിപ്പിച്ചതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.


 

 

Latest News