കോഴിക്കോട്- റോഹിംഗ്യൻ അഭയാർഥികളെ പറ്റി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിന് യുവാവിന് വധഭീഷണി. തലശേരി സ്വദേശി പർവേസ് ഇലാഹിക്കാണ് ഭീഷണി. നേരിട്ടും ഫെയ്സ്ബുക്ക് വഴിയും ഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്ന് പർവേസ് വ്യക്തമാക്കി.
ഇന്നലെ തലശ്ശേരിയിലേ ഗോപാലപേട്ടയിലൂടെ ബൈക്കിൽ പോകുന്നതിനിടെ മൂന്നു പേർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്നും പർവേസ് പറഞ്ഞു. റോഹിംഗ്യൻ അഭയാർഥികളെ പറ്റി എഴുതിയ യാത്രാവിവരണം മുഴുവൻ മാധ്യമങ്ങളിൽനിന്നും നീക്കം ചെയ്യണം എന്നായിരുന്നു ആവശ്യം. നിങ്ങടെ കഥയല്ല എഴുതിയതെന്നും എന്ത് ചെയ്യാമെന്ന് തനിക്കറിയാമെന്നും തിരിച്ചുപറഞ്ഞപ്പോൾ ഭീഷണി മുഴക്കി മൂന്നംഗസംഘം തിരിച്ചുപോകുകയായിരുന്നു.


കഴിഞ്ഞ ഞായറാഴ്ച്ച മുതൽ നിരവധി വധ ഭീഷണി സന്ദേശങ്ങൾ ഫെയ്സ്ബുക്കിലൂടെ ലഭിക്കുന്നതായും പർവേസ് പറഞ്ഞു.
കൊല്ലുമെന്നും, വിരലുകൾ അറുക്കുമെന്നും, പുറത്തിറങ്ങിയാൽ പുറം ലോകം ഇനി കാണില്ല എന്നു തുടങ്ങിയ സന്ദേശങ്ങളാണ് ലഭിക്കുന്നത്. 'തീവ്രവാദി'യാണെന്ന് ആക്ഷേപിക്കുന്നതായും പർവേസ് പറഞ്ഞു.
പർവേസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വിളിച്ചോളൂ, തീവ്രവാദിയെന്ന് ഇനിയും ഒരായിരം വട്ടം, കാരണം തീവ്രമായി ആ ജനതയ്ക്കു വേണ്ടി ഇനിയും വാദിക്കുക തന്നെ ചെയ്യും !! അതാണ് ഞാൻ പഠിച്ചതും എന്നെ പഠിപ്പിച്ചതും ......
ഏതു സഘടനയാണ് , ഏത് രാഷ്ട്രീയമാണ് അവർ വ്യക്തമാക്കുന്നത് എന്നതിലല്ല ഞാൻ അത്ഭുതപെട്ടത് മറിച്ച് ഇത്രയും മനുഷത്വം നശിച്ച നരാധമൻമാരാണല്ലോ അവർ എന്നോർത്തപ്പോൾ ഉള്ളിൽ ഒരു നീറ്റലാണ്....
ഒരു നേരത്തെ വിശപ്പടക്കാൻ തൊണ്ട കീറി കരയുന്ന ആ ബാല്യങ്ങളുടെ മുഖം നോക്കി തീവ്രാദികൾ എന്ന് വിളിക്കാൻ പഠിപ്പിച്ച രാഷ്ട്രീയം ഏതാണ് ???
ആകാശത്തേക്ക് ഉയർത്തിയ മുളകളിൽ കാലുകൾ വേർപെടുത്തി ആഴ്ചകളോളം തൂക്കിയിട്ടു ഒടുവിൽ യോനി കീറി രക്തം വാർന്നു മൃത്യു വരിക്കുന്ന സ്ത്രീത്വത്തെ ഇങ്ങനെയല്ല ഇനിയും മൃഗീയമായി കൊല്ലണമെന്ന് പറയാൻ പഠിപ്പിച്ച ആ സംസ്കാരം ഏതാണ് ???
എവിടെയാണ് നമ്മുക്ക് പിഴക്കുന്നത് ?

ചിലരുടെ ചോദ്യം ഇങ്ങനെയായിരുന്നു നമ്മുടെ വയനാട്ടിലെ ആദിവാസി ഊരുകളിലെ പട്ടിണി പാവങ്ങളെ വച്ചു കൊണ്ട് എന്തിനു നീ റോഹിംഗ്യകളെ തേടി പോയെന്ന് ???
പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ലേലും പറയട്ടെ, വിദ്യഭ്യാസം നേടുന്ന കാലത്ത് എന്റെ വിദ്യാലയമായ മുബാറക്ക് സ്കൂളിൽ നിന്നും 2011 ൽ ആദ്യമായി അട്ടപ്പാടിയിൽ എത്തിയ ആ വർഷം തൊട്ട് നിരന്തരം പല പ്രവർത്തനങ്ങളും നമ്മൾ ആദിവാസി ഊരുകളിൽ നടത്തിയിട്ടുണ്ട് അതിന്റെ വിവരങ്ങൾ അറിയാൻ വെമ്പൽകൊള്ളുന്ന ദേശ സ്നേഹികൾക്ക് വിളിക്കാം എന്നെ....
ആദിവാസി ഊരുകളിലെ കഥകൾ പകൽ പോലെ പത്രങ്ങളിലൂടെയും, മറ്റു മാധ്യമങ്ങളിലൂടെയും നമ്മൾ അറിഞ്ഞിട്ടുണ്ട്, എന്നാൽ ഈ ജനതയുടെ കഥകൾ അവരുടെ കഷ്ടതകൾ ഏത് പത്രമാണ് വിളിച്ചോതിയത് ? ഹിറ്റ്ലറിന്റെ കോൺസെൻട്രേഷൻ ക്യാമ്പുകളെക്കാൾ ക്രൂരമായി കൊല ചെയ്യപ്പെടുന്ന മ്യാൻമറിലെ ബുദ്ധിസ്റ്റ് മിലിറ്ററി മിലിറ്ററി ക്യാമ്പുകളെ പറ്റി ഏത് ചാനലുകളാണ് ചർച്ചയ്ക്ക് വച്ചത് ? പ്രതീക്ഷകളുമായി പലായനം ചെയുന്ന ആ ജനതയെ കൊന്നൊടുക്കുന്ന മലേഷ്യൻബ്രൂണെ മിലിറ്ററി വിനോദത്തെ വിമർശിച്ചു ഏത് അന്താരഷ്ട്ര സംഘടനയാണ് അപലപിച്ചത് ??

മിണ്ടിയില്ല ആരും, ആർക്കു വേണ്ടിയായിരുന്നു ആ മൗനം? ഏത് തത്വശാസ്ത്രം വെച്ചു ആ മൗനത്തെ നിങ്ങൾ നിർവചിക്കും, ഇവിടെ കൊല ചെയ്യപ്പെടുന്നത് ലാസ് വേഗാസിൽ ചൂതാടിയ കോടീശ്വരന്മാരല്ലാത്തതാണോ പ്രശ്നം?..
പാരിസിലും, അമേരിക്കയിലെയും മുന്തിയ പൗര വിഭാഗമായി ജനിക്കാത്തതാണോ പ്രശ്നം ?.
മാധ്യമ ധർമ്മം പേരിൽ മാത്രം ഒതുങ്ങിയപ്പോൾ, സഞ്ചാരമെന്നത് മനുഷ്യ ജീവിതങ്ങളിലേക്കുള്ള യാത്രയായി കാണുന്ന എനിക്ക് മറ്റേത് യാത്രയേക്കാളും പ്രധാനം റോഹിംഗ്യകളെ തേടിയുള്ള യാത്രയായിരുന്നു.
അവർക്ക് വേണ്ടി ഞാൻ ശബ്ദിച്ചത് ഒരു മനുഷ്യൻ എന്ന നിലയിലാണ്, അവിടെ എന്റെ മതം മനുഷ്യത്വവും...
തൂലിക പടവാളാക്കിയിട്ടില്ല ഇന്നുവരെ ഞാൻ ഇനി പടവാളാക്കാനും ഭയക്കുന്നില്ല....
എന്റെ തൂലിക നിങ്ങൾ തകർത്തേക്കാം പക്ഷേ അന്ന് നിങ്ങൾക്കു നേരെ ശബ്ദിക്കുന്ന ഒരായിരം തൂലിക ഈ മണ്ണിൽ പിറക്കും .






