വന്ദേ ഭാരത് വിമാനത്തില്‍ വുഹാനിലേക്കു പറന്ന 19 ഇന്ത്യക്കാര്‍ക്ക് കോവിഡ് 

ന്യൂദല്‍ഹി- വന്ദേ ഭാരത് മിഷന്‍ വിമാനത്തില്‍ വെള്ളിയാഴ്ച ചൈനയിലെ വുഹാനിലേക്കു പറന്ന യാത്രക്കാരില്‍ 19 ഇന്ത്യക്കാര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി റിപോര്‍ട്ട്. ഇവരെ ചൈനീസ് സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ പ്രകാരം ചികിത്സയ്ക്ക് പ്രത്യേക ആശുപത്രിയിലേക്കു മാറ്റി. രോഗലക്ഷണങ്ങള്‍ പ്രകമല്ലാത്ത ചിലരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും. ചൈനയിലേക്കുള്ള വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളിലെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. 277 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ 39 പേര്‍ കോവിഡ് രോഗം ബാധിച്ച് സുഖപ്പെട്ടവരാണ്. രോഗ ബാധിതരല്ലാത്തവരെല്ലാം ഹോട്ടലുകളില്‍ നിര്‍ബന്ധ 14 ദിവസ ക്വാറന്റീനില്‍ കഴിയുകയാണ്. 

ചൈനയിലേക്കുള്ള വിമാന യാത്രക്കാരില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ബാക്കിയുള്ള സര്‍വീസുകളെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. നവംബര്‍ 6, 13, 27, ഡിസംബര്‍ 4 എന്നീ ദിവസങ്ങളിലാണ് ചൈനയിലേക്കുള്ള അടുത്ത വന്ദേ ഭാരത് വിമാന സര്‍വീസുകള്‍. 1500ലേറെ ഇന്ത്യക്കാരാണ് ചൈനയിലേക്കു മടങ്ങിപ്പോകാന്‍ കാത്തിരിക്കുന്നത്.
 

Latest News