Sorry, you need to enable JavaScript to visit this website.

ഡോ. ഹാദിയക്ക് സംരക്ഷണം ഉറപ്പാക്കണം: മുസ്‌ലിം നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

മലപ്പുറം- ഇസ്ലാം സ്വീകരിച്ചതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലായ ഹാദിയ എന്ന അഖിലയുടെ ജീവന്‍ അപകടത്തിലാണെന്ന വിവരം പുറത്തുവന്നിരിക്കെ ഡോ. ഹാദിയക്ക്  സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
ഹാദിയയെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരെ അയയ്ക്കണമെന്നും പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും  മലപ്പുറം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ട നേതാക്കള്‍ ആവശ്യപ്പെട്ടു.  മുസ്്‌ലിം ലീഗിന്റെ നേതൃത്വത്തിലാണ് വിവിധ സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതു സംബന്ധിച്ച നിവേദനവും മുഖ്യമന്ത്രിക്ക് കൈമാറി.


പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി കൂരിയാട് (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്ലാമി), എ.ഐ. അബ്ദുല്‍ മജീദ് സലാഹി(കേരള നദ് വത്തുല്‍ മുജാഹിദീന്‍) പറപ്പൂര്‍ കുഞ്ഞിമുഹമ്മദ് മദനി (വിസ്ഡം ഗ്ലോബല്‍ ഇസ്്‌ലാമിക് വിഷന്‍) കെ.പി.എ. മജീദ് (മുസ്്‌ലിം ലീഗ്) പി.ഉണ്ണീന്‍ (എം.എസ്.എസ്), കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, പി.എ.ജബ്ബാര്‍ ഹാജി എളമരം തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
കേരള ഹൈക്കോടതി ഹാദിയയെ മാതാപിതാക്കളുടെ സംരക്ഷണത്തിലാണ് വിട്ടതെങ്കിലും ഫലത്തില്‍ അവര്‍ വീട്ടുതടങ്കലിലാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. കഠിനമായ പീഡനങ്ങളാണ് അവര്‍ അനുഭവിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരിലൂടെ മനസ്സിലാകുന്നു. ഹാദിയക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും തടഞ്ഞുവെക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും സുപ്രീം കോടതി ചുണ്ടാക്കാട്ടിയിട്ടും പുറംലോകവുമായി ബന്ധപ്പെടാനാകാതെയാണ് കഴിയുന്നത്. മനോരോഗമോ മരണമോ സംഭവിക്കാനിടയുള്ള മരുന്നുകളും നല്‍കുന്നതായി മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് സംരക്ഷണ ബാധ്യതയല്ലാതെ തടവില്‍ വെക്കാനും പീഡിപ്പിക്കാനും അനുവാദമില്ല. ഈ സാഹചര്യത്തില്‍ ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഹാദിയയെ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് പൊതജനസമക്ഷം സര്‍പ്പിച്ച് ആശങ്ക അകറ്റണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 

Latest News