തിരുവനന്തപുരം- കേരളത്തിൽ അന്വേഷണ ഏജൻസികൾ വഴിവിട്ടു പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൊഴികൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി ഭരണകൂടത്തെ കരിവാരിത്തേക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്. ഭാഗിക മൊഴി പുറത്തുവിടുന്ന അന്വേഷണ ഏജൻസികളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടാകില്ല. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനാണ് നീക്കം. തിരക്കഥകൾക്ക് അനുസരിച്ച് അന്വേഷണ ഏജൻസികൾ നീങ്ങുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന് തന്നെ തിരിച്ചടിയാണ്. സംസ്ഥാന സർക്കാർ എല്ലാ സഹായവും വാഗ്ദാനം ചെയ്തത് ഇത്തരത്തിലുള്ള അന്വേഷണത്തിനല്ല. സംസ്ഥാന സർക്കാറിന്റെ നിർവഹണ സംവിധാനത്തിലേക്ക് കടന്നുകയറുകയാണ് ഏജൻസികളിൽ ചിലത് ചെയ്യുന്നത്. ഭരണഘടനക്ക് മേൽ കടന്നുകയറുകയാണ് ഏജൻസി ചെയ്യുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്. ഇത് അംഗീകരിക്കാനാകില്ല. എല്ലാ അന്വേഷണത്തിനും സംസ്ഥാന സർക്കാർ പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്. എന്നാൽ സർക്കാറിന്റെ നയം എങ്ങിനെ തീരുമാനിച്ചുവെന്ന് അന്വേഷിക്കാൻ ഏജൻസികൾക്ക് അധികാരമില്ല. ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. സർക്കാറിനെ ഇകഴ്ത്തിക്കാട്ടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.






