അലാവുദ്ദീന്റെ വിളക്കില്‍നിന്ന് ജിന്ന് പ്രത്യക്ഷപ്പെട്ടു; ഡോക്ടറില്‍നിന്ന് തട്ടിയത് 70 ലക്ഷം രൂപ

ലഖ്‌നൗ- ജിന്ന് പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിപ്പിച്ച ശേഷം അലാവുദ്ദീന്റ അത്ഭുത വിളക്ക് വില്‍പന നടത്തി ഡോക്ടറില്‍നിന്ന് 70 ലക്ഷം രൂപ തട്ടിയ രണ്ട് പേര്‍ പിടിയില്‍.
വിഖ്യാത നാടോടി കഥയിലേതുപോലെ ജിന്ന് പ്രത്യക്ഷപ്പെട്ട് ആഗ്രഹങ്ങള്‍ സാധിപ്പിക്കുന്നില്ലെന്ന് ബോധ്യമായതിനുശേഷമാണ് ലയീക് ഖാനെന്ന ഡോക്ടര്‍ പോലീസിനെ സമീപിച്ചത്.

ഡോക്ടറില്‍നിന്ന് 70 ലക്ഷം രൂപ കൈക്കലാക്കിയ രണ്ട് പേരെ അറസ്റ്റ് ചെയ്ത്  ജയിലിലടച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അമിത് റായി പറഞ്ഞു.
തട്ടിപ്പില്‍ പങ്കുണ്ടെന്ന് കരുതുന്ന പ്രതികളില്‍ ഒരാളുടെ ഭാര്യ ഒളിവാലണെന്നും അദ്ദേഹം പറഞ്ഞു.
 
വിളക്കില്‍നിന്ന് തന്റെ കണ്‍മുന്നില്‍ ജിന്ന് പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് പരാതിയില്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ ജിന്നിനെ തൊടാനോ ആ സമയത്ത് വിളക്ക് വീട്ടില്‍ കൊണ്ടുപോകാനോ അനുവദിച്ചിരുന്നില്ല. ആരോഗ്യവും സമ്പത്തും പ്രദാനം ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് അത്ഭുത വിളക്ക് വില്‍ക്കുകയായിരുന്നു. പ്രതികളിലൊരാള്‍ തന്നെയാണ് ജിന്നായി പ്രത്യക്ഷപ്പെട്ടതെന്ന് തനിക്ക് പിന്നീട് ബോധ്യമായെന്നും പരാതിക്കാരന്‍ പറഞ്ഞു.

ഇതേ മാതൃകയില്‍ പ്രതികള്‍ മറ്റു കുടുംബങ്ങളേയും കബളിപ്പിച്ചതായി സംശയിക്കുന്നുണ്ട്.

 

Latest News