Sorry, you need to enable JavaScript to visit this website.

ബല്ലബ്ഗഢില്‍ ജനക്കൂട്ടം പോലീസിനെ ആക്രമിച്ചു

ഫരീദാബാദ്- ഹരിയാനയില്‍ രണ്ടു പേര്‍ ചേര്‍ന്ന് വെടിവെച്ചു കൊലപ്പെടുത്തിയ കോളേജ് വിദ്യാര്‍ഥിനി നികിത തോമര്‍ക്ക് ക്ക് നീതി ആവശ്യപ്പെട്ട് ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തവര്‍ അക്രമാസക്തരായി.

ഫരീദാബാദിലെ ബല്ലബ്ഗഢില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ഇരുനൂറോളം പേര്‍ പോലീസുകാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞു. പത്ത് പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 30 പേരെ കസ്റ്റിഡിയിലെടുത്തതായി പോലീസ് പറഞ്ഞു.

ദസറ മൈതാനത്ത് സര്‍വ ബിരാദരി സംഘാടന്‍ സംഘടിപ്പിച്ച പഞ്ചായത്തില്‍ സംബന്ധിച്ച പ്രതിഷേധക്കാരാണ് അക്രമാസക്തരായത്. ന്യൂദല്‍ഹി-ആഗ്ര റോഡില്‍ വാഹനഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ച പ്രകടനക്കാര്‍ നിരവധി കടകള്‍ക്കുനേരെ കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ചെറിയ തോതില്‍ ബലപ്രയോഗം നടത്തിയതായി ഫരീദാബാദ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

പഞ്ചായത്തില്‍ പങ്കെടുത്ത യുവാക്കളില്‍ ചിലരാണ് അക്രമത്തിലേക്ക് നീങ്ങിയതെന്നും ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ബാധ്യത പോലീസിനാണെന്നും യോഗത്തില്‍ സംബന്ധിച്ച അഖില ഭാരതീയ ഹിന്ദു ക്രാന്തി ദള്‍ ദേശീയ ഇന്‍ചാര്‍ജ് രാജീവ് മിത്തല്‍ പറഞ്ഞു.

അനുമതിയില്ലാതെ പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് ബല്ലബ്ഗഢ് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുമര്‍ സിംഗ് യാദവ് പറഞ്ഞു.

 

Latest News