സിപിഎമ്മിന് അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ  

കോഴിക്കോട്- പന്തീരാങ്കാവ് യുഎപിഎ കേസിന് ഇന്നേക്ക് ഒരു വര്‍ഷം. അറസ്റ്റിലായ അലനും താഹയ്ക്കും അനുകൂലമായി സിപിഎം കോഴിക്കോട് ജില്ലാ ഘടകം തുടക്കത്തില്‍ രംഗത്തില്‍ വന്നെങ്കിലും മുഖ്യമന്ത്രിതന്നെ തള്ളിപ്പറഞ്ഞതോടെ രണ്ടുപേരും പാര്‍ട്ടിയില്‍ നിന്ന് പുറത്തായി.
ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് സി പി എം.
2019 നവംബര്‍ ഒന്നിന് രാത്രിയിലാണ് സിപിഎം പ്രവര്‍ത്തകരായ അലനും താഹയും പന്തീരാങ്കാവില്‍ വച്ച് പോലീസ് പിടിയിലാകുന്നത്. ഇരുവരുടെയും കൈവശം നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ലഘുലേഖകളും വീട്ടില്‍ കൊടിയും കണ്ടെത്തിയെന്നതാണ് പോലീസ് തെളിവായി ചൂണ്ടിക്കാട്ടിയത്. പിന്നീട് ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തി.
യുഎപിഎ കരിനിയമമെന്ന് പറഞ്ഞ് പ്രതിഷേധമുയര്‍ത്തിയ സിപിഎമ്മിന്റെ നിലപാട് പക്ഷേ അലന്റെയും താഹയുടെയും വിഷയത്തില്‍ മറിച്ചായിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ ഘടകത്തിലെ പ്രബലവിഭാഗം തുടക്കത്തില്‍ തങ്ങളുടെ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ അറസ്റ്റിനെതിരെ രംഗത്ത് വന്നെങ്കിലും പിന്നീട് മലക്കം മറിയുന്നതിന് കേരളം സാക്ഷിയായി.
രണ്ടുപേരും ചായ കുടിക്കാന്‍പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് അലന്റെ മാതാവ് സബിത മഠത്തില്‍ രംഗത്ത് വരികയുണ്ടായി. അലനെയും താഹയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക മാത്രമല്ല, ജില്ലയിലുടനീളം പ്രവര്‍ത്തകയോഗങ്ങളും നടത്തിക്കൊണ്ട് ഇരുവരും മാവോയിസ്റ്റ് ആണെന്ന് വ്യക്തമാക്കുകയും ചെയ്തു സിപിഎം. കേസ് എന്‍ഐഎ ഏറ്റെടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറിയതാണെന്ന ആരോപണവുമായി ഇരുവരുടെയും മാതാപിതാക്കള്‍ തന്നെ രംഗത്ത് വന്നു.
സിപിഎം കൈവിട്ട കുടുംബത്തിന് കൈത്താങ്ങുമായി യുഡിഎഫ് നേതാക്കളെത്തി. രമേശ് ചെന്നിത്തലയും എം കെ മുനീറും ഇരുവരുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തി. പത്ത് മാസത്തെ ജയില്‍ വാസത്തിന് ശേഷം സെപ്തംബര്‍ ഒമ്പതിന് അലനും താഹയും ജാമ്യത്തിലിറങ്ങി.

Latest News