Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പതിനായിരം കൊല്ലം തപസ് ചെയ്താലും അഴിമതിയിൽ തന്റെ പങ്ക് കണ്ടെത്താനാകില്ല-മന്ത്രി കെ.ടി ജലീൽ

മലപ്പുറം- ഒരു ഏജൻസി അന്വേഷിച്ചാലും താൻ കുറ്റം ചെയ്തുവെന്ന് കണ്ടെത്താനാകില്ലെന്ന് മന്ത്രി കെ.ടി ജലീൽ. തനിക്കെതിരെ കസ്റ്റംസ് കൂടി അന്വേഷണം നടത്തുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്നും ജലീൽ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും!

എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് എനിക്കയച്ച കത്തിനുള്ള മറുപടിയാണ് അനുബന്ധമായി ചേർക്കുന്നത്. ഇതിനപ്പുറം ഒരു പിച്ചളപ്പിന്നെങ്കിലും എനിക്കോ സഹധർമ്മിണിക്കോ ആശ്രിതരായ മക്കൾക്കോ ഉള്ളതായി വല്ലവരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ, അക്കാര്യം കേന്ദ്ര ഏജൻസികളെ, കോൺഗ്രസ്സ് നേതാക്കൾ മുഖേനയോ, മുസ്ലിംലീഗിന്റെ യുവസിങ്കങ്ങൾ വഴിയോ, അതുമല്ലെങ്കിൽ കേന്ദ്രം ഭരിക്കുന്ന  സർവ്വാധികാര വിഭൂഷിതരായ   ബി.ജെ.പിയുടെ സംസ്ഥാന നേതാക്കൾ മുഖാന്തിരമോ, അറിയിക്കാവുന്നതാണ്. ആരെങ്കിലും പത്ത് രൂപ കൈക്കൂലിയായോ പാരിതോഷികമായോ, അതുമല്ലെങ്കിൽ ഞാൻ സ്ലീപ്പിംഗ് പാർട്ട്ണറായ  ഏതെങ്കിലും ജ്വല്ലറിയിലോ റസ്‌റ്റോറന്റിലോ പറമ്പ് കച്ചവടത്തിലോ(റിയൽ എസ്‌റ്റേറ്റ്),'ഇഞ്ചി കൃഷിയിലോ', ഷെയറായോ കമ്മിഷനായോ വല്ലതും ഞാൻ വാങ്ങിയതായോ എനിക്ക് തന്നതായോ, ഭൂമുഖത്ത് ആർക്കെങ്കിലും അറിവുണ്ടെങ്കിൽ, അക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് അധികൃതർക്ക് പരാതി നൽകാവുന്നതാണ്. എന്നെ കുരുക്കാൻ കിട്ടിയിട്ടുള്ള ഈ സുവർണ്ണാവസരം എന്റെ രാഷ്ട്രീയ ശത്രുക്കൾ  ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിലെനിക്ക് സന്തോഷം മാത്രമേ ഉണ്ടാകൂ. 
കസ്റ്റംസ് എന്നെ ചോദ്യം ചെയ്യാൻ പോകുന്നു എന്ന് ചാനൽ വാർത്തയിലൂടെ അറിയാൻ സാധിച്ചു. നല്ല കാര്യം. എൻ.ഐ.എയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചില വിവരങ്ങൾ ആഴ്ചകൾക്ക് മുമ്പ് തേടിയിരുന്നു. എന്നാൽ കസ്റ്റംസ് ഇതുവരെ കാര്യങ്ങളുടെ നിജസ്ഥിതി എന്നോട് തിരക്കിയിട്ടില്ല. അതിന് കസ്റ്റംസ് മുതിരുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. 
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് ലക്ഷണങ്ങളോടെ എന്റെ ഗൺമാൻ സ്രവ പരിശോധനക്ക് സാമ്പിൾ കൊടുത്ത് വീട്ടിൽ ഒറ്റക്ക് കഴിയവെയാണ്, അയാളുടെ ഫോൺ കസ്റ്റംസ് ഉദ്യോഗസ്ഥർ വന്ന് കണ്ടുകെട്ടിയത്. രണ്ട് ദിവസം കഴിഞ്ഞ് സിംകാർഡ് തിരിച്ച് നൽകാൻ കസ്റ്റംസുകാർ കാണിച്ച വിശാലമനസ്‌കത വലിയ കാര്യംതന്നെ! ഫോൺ ഇപ്പോഴും കസ്റ്റംസിന്റെ കൈവശമാണ്. ഒരു പോലീസുകാരൻ എന്ന നിലയിൽ ഏതുസമയത്ത് ഫോണുമായി ഹാജരാകണം എന്നു പറഞ്ഞാലും ഗൺമാൻ ഹാജരാകുമെന്നിരിക്കെ എന്തിനായിരുന്നു ഈ 'പിടിച്ചെടുക്കൽ' നാടകമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.  കൂടെയുള്ളവരുടെ ഫോണിൽ നിന്ന് മറ്റുള്ളവർക്ക് വിളിക്കുന്ന ഏർപ്പാട് യു.ഡി.എഫ് നേതാക്കൾക്കും ബി.ജെ.പിക്കാർക്കും ഉണ്ടായെന്നിരിക്കാം. എനിക്കേതായാലും അതില്ല. ആയിരം അന്വേഷണ ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും സ്വർണ്ണക്കള്ളക്കടത്തിലോ മറ്റേതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ ദേശവിരുദ്ധ പ്രവർത്തനങ്ങളിലോ ഈയുള്ളവൻ ഏർപ്പെട്ടതായി കണ്ടെത്താനാവില്ല.  മലപ്പുറത്തെ കുഗ്രാമങ്ങളിൽ പറഞ്ഞുകേൾക്കാറുള്ള ഒരു ചൊല്ലാണ് ഓർമ്മവരുന്നത്; 'ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ'.
 

Latest News