Sorry, you need to enable JavaScript to visit this website.

'ബിജെപി ലൈറ്റ്' ആയാല്‍ 'കോണ്‍ഗ്രസ് സീറോ' ആകുമെന്ന് ശശി തരൂര്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും 'ബിജെപി ലൈറ്റ്' (വീര്യം കുറഞ്ഞ ബിജെപി) ആയി മാറാന്‍ ശ്രമിക്കരുതെന്നും അങ്ങനെ ആയാല്‍ 'കോണ്‍ഗ്രസ് സീറോ' ആകുമെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്നത് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ബിജെപി രാഷ്ട്രീയ സന്ദേശങ്ങളല്ല. മതേതരത്വത്തിന്റെ അന്തസത്ത കോണ്‍ഗ്രസില്‍ വളരെ സജീവവും ഉറച്ചിരിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. 'ദി ബാറ്റ്ല്‍ ഓഫ് ബിലോംഗിങ്' എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇങ്ങനെ പറഞ്ഞത്. കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ നിലപാടാണ് പുലര്‍ത്തുന്നതെന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ ഒരു യഥാര്‍ത്ഥ ആശങ്ക ലിബറല്‍ ഇന്ത്യക്കാര്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല എന്നായിരുന്നു ശശി തരൂരിന്റെ മറുപടി. 'ബിജെപി മറ്റൊരു മൃദു പതിപ്പായി മാറാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വളരെ വ്യക്തമായ നിലപാടുണ്ട്' എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 

രൂപത്തിലും ഭാവത്തിലും കോണ്‍ഗ്രസ് ഒരിക്കലും ബിജെപി അല്ല. നമ്മള്‍ അല്ലാത്ത ഒന്നിന്റെ നേര്‍പ്പിച്ച പതിപ്പായി നാം ഒരിക്കലും മാറാന്‍ പാടില്ല, അങ്ങനെ ആകാന്‍ ശ്രമിക്കുകയുമരുത് എന്നാണ് എന്റെ നിലപാട്,' തരൂര്‍ പറഞ്ഞു. 

ഹിന്ദുയിസം, ഹിന്ദുത്വ എന്നിവയ്ക്കിടയില്‍ കോണ്‍ഗ്രസ് വ്യക്തമായ വ്യത്യാസം അടിവരയിട്ടുറപ്പിക്കുന്നുണ്ട്. ഹിന്ദൂയിസം എന്നാല്‍ അത് നാമെല്ലാം ബഹുമാനിക്കുന്ന, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമണ്. എന്നാല്‍ ഹിന്ദുത്വ എന്നത് ഒഴിവാക്കലിന്റെ രാഷ്ട്രീയ സിദ്ധാന്തമാണ്- അദ്ദേഹം പറഞ്ഞു. 

മതേതരത്വം എന്ന തത്വപമായും പ്രായോഗികമായും ഇന്ത്യയില്‍ അപകടത്തിലാണ്. ഈ വാക്ക് ഭരണകക്ഷി നമ്മുടെ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യാന്‍ പോലും സാധ്യതയുണ്ട്. എന്നാല്‍ വിദ്വേഷത്തിന്റെ ശക്തികള്‍ക്ക് രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ഒരിക്കലും മാറ്റാന്‍ കഴിയില്ല- തരൂര്‍ അഭിപ്രായപ്പെട്ടു.
 

Latest News