ബിഹാറില്‍ ആദ്യ ഘട്ട പോളിങ് നല്‍കുന്ന സൂചന എന്‍ഡിഎ സര്‍ക്കാര്‍ തിരിച്ചെത്തുമെന്ന്- മോഡി

ഛപ്ര- ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പിലുണ്ടായ ഉയര്‍ന്ന പോളിങ് ശതമാനം എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഛപ്രയില്‍ തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 'നിതീഷ് കുമാര്‍ സര്‍ക്കാര്‍ തിരിച്ചെത്തുമെന്ന് വ്യക്തമായിരിക്കുകയാണ്. എന്‍ഡിഎയ്ക്കുള്ള ജനപിന്തുണ ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. അവര്‍ക്ക് ഉറക്കമില്ലാ രാത്രികളാണ്. ബിഹാറില്‍ എന്‍ഡിഎ വിജയം സൂചിപ്പിക്കുന്ന കണക്കുകളില്‍ ചില നേതാക്കള്‍ നിരാശരാണ്. അവര്‍ മോഡിയെ അവഹേളിക്കുന്നു. പക്ഷെ നിങ്ങളുടെ രോഷം ബിഹാറിലെ ജനങ്ങളുടെ മേല്‍ തീര്‍ക്കരുത്'- മോഡി പറഞ്ഞു. 

ഇരട്ട എഞ്ചിനുള്ള സര്‍ക്കാരും രണ്ടു രാജകുമാരന്മാര്‍ ചേര്‍ന്നുള്ള സഖ്യവും തമ്മിലുള്ള പോരാട്ടമാണിത്. ഇരട്ട എഞ്ചിനുള്ള സര്‍ക്കാര്‍ ബിഹാറിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍ രണ്ട് രാജകുമാരന്‍മര്‍ അവരുടെ കിരീടത്തെ സംരക്ഷിക്കുന്ന തിരക്കിലാണ്. ഉത്തര്‍ പ്രേദേശിലും ഈ രണ്ടു രാജകുമാരന്‍മാര്‍ അനുഭവിച്ചതാണ്. അതെ വിധി തന്നെയാണ് ഇവിടേയും വരാനിരിക്കുന്നത്- ആര്‍ജെഡി നേതാവ് തേജസ്വിയേയും കോണ്‍ഗ്രസ് നേതാവ് രാഹുലിനേയും പരോക്ഷമായി പരിഹസിച്ച് മോഡി പറഞ്ഞു. 

Latest News