കെ.സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കി

കൊച്ചി- ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും പരാതി നല്‍കി.
സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേരിട്ട അവഗണന തുറന്നുകാട്ടിയാണ്  ശോഭാ സുരേന്ദ്രന്റെ പരാതി.   അവഗണന നേരിടുന്നവരെ ഒന്നിച്ചുചേര്‍ത്ത് ശോഭാ സുരേന്ദ്രന്‍ അടുത്തിടെ പാര്‍ട്ടിക്കുള്ളില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെകൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കേന്ദ്രനേതൃത്വത്തിന് പരാതിനല്‍കിയത്.
സംസ്ഥാന ജനറല്‍സെക്രട്ടറിയായും കോര്‍കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി താന്‍ തുടരുമ്പോഴാണ് കെ. സുരേന്ദ്രന്‍ സംസ്ഥാനപ്രസിഡന്റായി ചുമതലയേല്‍ക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കെ. സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണ് അദ്ദേഹം ഇടപെട്ട് തന്നെ തഴഞ്ഞതെന്നും അംഗത്വവിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയസമിതിയില്‍വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

 

Latest News