Sorry, you need to enable JavaScript to visit this website.

റോഹിംഗ്യ അഭയാര്‍ഥികളെ വന്ധ്യംകരിക്കുന്നു

കോക്സ് ബസാര്‍- തിങ്ങിനിറഞ്ഞ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന റോഹിംഗ്യ മുസ്ലിംകളെ വന്ധ്യംകരിച്ച് ജനസംഖ്യ നിയന്ത്രിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. ജനന നിയന്ത്രണത്തിനു ഇതുവരെ നടപ്പിലാക്കിയ പദ്ധതികളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇത്തരമൊരു നീക്കത്തിന് ബംഗ്ലദേശ് ഒരുങ്ങുന്നത്. നിര്‍ബന്ധിത വന്ധ്യംകരണമല്ല  എന്നാണ് വിശദീകരണം. സ്വമേധയാ തയാറാകുന്നവരെ മാത്രമെ വന്ധ്യംകരണത്തിന് വിധേയരാക്കൂവെന്നും അധികൃതര്‍ പറയുന്നു.
മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നിരന്തര പീഡനവും അതിക്രമവും മൂലം നാടുവിട്ട് ആറു ലക്ഷത്തോളം റോഹിംഗ്യ അഭയാര്‍ത്ഥികളാണ് ബംഗ്ലാദേശിലെ വിവിധയിടങ്ങളിലായി ക്യാമ്പുകളില്‍ കഴിയുന്നത്. ഓഗസ്റ്റില്‍ മ്യാന്‍മറില്‍ റോഹിംഗ്യകള്‍ക്കെതിരായ വംശഹത്യ രൂക്ഷമായതിനെ തുടര്‍ന്നാണ് വന്‍തോതില്‍ അഭയാര്‍ത്ഥി പ്രവാഹമുണ്ടായത്.
മതിയായ ഭക്ഷണമോ വെള്ളമോ ഇല്ലാതെ വളരെ മോശം സാഹചര്യങ്ങളിലാണ് അഭയാര്‍ത്ഥികള്‍ കഴിയുന്നത്. ഇവര്‍ക്ക് വേണ്ട രീതിയില്‍ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും ലഭ്യമല്ല. പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ക്കു വേണ്ട സേവനങ്ങള്‍ ബംഗ്ലദേശ് നല്‍കിവരുന്നത്. കുടുംബാസൂത്രണം നടപ്പാക്കിയില്ലെങ്കില്‍ ഇവര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മതിയാകാതെ വരുമെന്ന ആശങ്കയെ തുടര്‍ന്നാണിപ്പോള്‍ വന്ധ്യംകരണ നീക്കം.
റോഹിംഗ്യകള്‍ക്കിടയില്‍ ജനന നിയന്ത്രണക്കുറിച്ചുള്ള ബോധവല്‍ക്കരണം കാര്യമായി നടന്നിട്ടില്ലെന്ന് കോക്സ് ബസാര്‍ ജില്ല കുടുംബാസൂത്രണ സേവന മേധാവി പിന്റു കാന്തി ഭട്ടാചാര്യ പറഞ്ഞു. മ്യാന്‍മറില്‍ അവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തതും അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിച്ചതു മൂലവും ഇവര്‍ വേണ്ടത്ര ബോധവാന്‍മാരല്ലെന്ന് അദ്ദേഹം പറഞ്ഞു. അഭയാര്‍ത്ഥി ക്യാമ്പുകളിലെല്ലാം വലിയ കുടുംബങ്ങളാണ്. ചിലര്‍ 19 മക്കള്‍ വരെയുണ്ട്. പല റോഹിംഗ്യ പുരുഷന്‍മാര്‍ക്കും ഒന്നിലേറെ ഭാര്യമാരുമുണ്ട്- അദ്ദേഹം പറയുന്നു.
ജില്ലാ കുടുംബാസൂത്രണ അധികൃതര്‍ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ വെറും 549 പാക്കറ്റുകള്‍ മാത്രമെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂവെന്ന് അധികൃതര്‍ പറയുന്നു. അഭയാര്‍ത്ഥികള്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നതില്‍ വിമുഖരാണ്. ഇതു കണക്കിലെടുത്താണ് പുരുഷന്‍മാരേയും സ്ത്രീകളേയും വന്ധ്യംകരണ ശസ്ത്രക്രിയ്ക്ക് വിധേയരാക്കാന്‍ കുടുംബാസൂത്രണ വകുപ്പ് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.
വലിയ കുടുംബങ്ങളാണ് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അതിജീവിക്കാന്‍ തങ്ങളെ സഹായിക്കുന്നതെന്ന് പല അഭായര്‍ത്ഥികളും അഭിപ്രായപ്പെടുന്നു. ദിവസേന വിതരണ ചെയ്യുന്ന ഭക്ഷണത്തിനും വെള്ളത്തിനും ക്യാമ്പുകളില്‍ വലിയ പോരാണ്. ചെറിയ കുട്ടികളെ വിട്ടാണ് പലരും ഭക്ഷണം സ്വരൂപിക്കുന്നത്.
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് തങ്ങളുടെ വിശ്വാസത്തിന് എതിരാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ജനന നിയന്ത്രണം പാപമാണെന്നാണ് താന്‍ സംസാരിച്ച റോഹിംഗ്യ സ്ത്രീകളില്‍ ഭൂരിപക്ഷവും പറഞ്ഞതെന്ന് ക്യാമ്പില്‍ കുടുംബാസൂത്രണ വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന ഫര്‍ഹാന സുല്‍ത്താന പറയുന്നു. മ്യാന്‍മറിലായിരുന്നപ്പോള്‍ കുടുംബാസൂത്രണ ക്ലിനിക്കില്‍ ഇവര്‍ പോകാറില്ലായിരുന്നു. മ്യാന്‍മര്‍ അധികൃതര്‍ തങ്ങളെ അപകടപ്പെടുത്തുന്ന മരുന്നുകള്‍ നല്‍കുമെന്ന് ഭയന്നായിരുന്നു ഇതെന്നും അവര്‍ പറയുന്നു.
 
 

Latest News