പപ്പയെന്ന് വിളിച്ചില്ല; രണ്ട് വയസ്സുകാരിയെ പൊള്ളലേല്‍പിച്ച് പോലീസുകാരന്‍

റായ്പൂര്‍-  അച്ഛനെന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത രണ്ടു വയസ്സുകാരിയെ സിഗരറ്റ് കൊണ്ട്
പൊള്ളലേല്‍പിക്കുകയും കുട്ടിയുടെ മാതാവിനെ മര്‍ദിക്കുകയും ചെയ്ത പോലീസുകാരന്‍ അറസ്റ്റില്‍. ഛത്തീസ്ഗഢിലെ ബലോഡ് ജില്ലയിലാണ് സംഭവം.
കുട്ടിയുടെ മുഖത്തും വയറിലും കൈകളിലും പൊള്ളലേറ്റിരുന്നുവെന്ന് പോലീസ് പറഞ്ഞു. പപ്പയെന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കുട്ടി കേട്ടില്ലെന്നും ഇതേ തുടര്‍ന്നാണ് സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പിച്ചതെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയുടെ പിതാവ് നാഗ്പൂരിലാണുള്ളത്.
കോണ്‍സ്റ്റബിള്‍ അവിനാശ് റായിയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച നടന്ന സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. ശനിയാഴ്ച രാവില അയല്‍ ജില്ലയായ ദുര്‍ഗിലെ ഭിലായി ടൗണില്‍ പോലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നുവെന്ന് ബലോഡ് ജില്ലാ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര സിംഗ് മീന് പറഞ്ഞു.
ബലോഡ് ജില്ലയില്‍ ജോലി ചെയ്യുന്നതിനിടെ ഇയാള്‍ സിവ്‌നി പ്രദേശത്ത് ഇരയുടെ വീട്ടില്‍  താമസിച്ചിരുന്നുവെന്നു പോലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് ദുര്‍ഗ് ജില്ലയിലേക്ക് മാറിയത്.
കടം നല്‍കിയിരുന്ന പണം തിരിച്ചുവാങ്ങാനെത്തിയ ഇയാള്‍ ഒക്ടോബര്‍ 24 മുതല്‍ വീട്ടില്‍ താമസിക്കുകയായിരുന്നുവെന്നും വ്യാഴാഴ്ച രാത്രി പപ്പയെന്ന് വിളിക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

 

 

Latest News