Sorry, you need to enable JavaScript to visit this website.

ഒരിക്കലെങ്കിലും കമ്യൂണിസ്റ്റായ ഒരാൾക്ക് ബി.ജെ.പിയിൽ ചേരാനാകില്ല-മകന്റെ ബി.ജെ.പി പ്രവേശനത്തിൽ ലോറൻസ്

കൊച്ചി- മകൻ ബി.ജെ.പിയിൽ ചേർന്നതിൽ പ്രതികരണവുമായി സി.പി.എമ്മിന്റെ മുതിർന്ന നേതാവ് എം.എം ലോറൻസ്. ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റുകാരനായിരുന്നയാൾക്ക് ബി.ജെ.പിയിൽ പോകാനാകില്ലെന്ന് ലോറൻസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. മകൻ അഡ്വ. എബ്രഹാം ലോറൻസ് ബിജെപിയിൽ ചേർന്നതിൽ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റുകാരനായിരുന്ന ഒരാൾക്ക് ഒരിക്കലും ബിജെപി പോലൊരു പാർട്ടിയിലേക്ക് പോകുവാൻ കഴിയില്ല', എന്നുമാത്രമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബിജെപിയിൽ ചേരുകയാണെന്ന് അഡ്വ. എബ്രഹാം ലോറൻസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയിൽ നിന്ന് അദ്ദേഹം അടുത്ത ദിവസം ഓൺലൈനിലൂടെ അംഗത്വം സ്വീകരിക്കുമെന്ന് ബി.ജെ.പി നേതാക്കളും അറിയിച്ചിരുന്നു. ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റിന്റെ പിടിയിലായതിൽ സി.പി.എം സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടാനുള്ള തീരുമാനമെടുത്തതെന്നാണ് എബ്രഹാം ലോറൻസ് പറഞ്ഞത്. സിപിഎം അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചിരിക്കുകയാണ്. അതിനാൽ പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നു. ബിജെപിയിൽ ചേരുന്ന കാര്യം അച്ഛനോട് പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യമില്ല, താൻ കുട്ടിയല്ല,ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് ആ പാർട്ടിയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും എബ്രഹാം ലോറൻസ് വ്യക്തമാക്കിയിരുന്നു.
 

Latest News