കരച്ചില്‍ നിര്‍ത്താത്ത കുഞ്ഞിനെ  അഛന്‍ കഴുത്ത് ഞെരിച്ച് കൊന്നു 

നോയിഡ-നിര്‍ത്താതെ കരഞ്ഞ നാലു വയസുകാരിയെ  പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു.  യു.പി ഗാസിയാബാദില്‍ നടന്ന സംഭവത്തില്‍ 28 കാരനായ വാസുദേവ് ഗുപ്തയെന്നയാളെ പോലീസ് അറസ്‌റ് ചെയ്തു. കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കുഞ്ഞിന്റെ മൃതദേഹവുമായി ഭാര്യയെ തേടി ഓട്ടോറിക്ഷയില്‍ നോയിഡയിലേക്ക് വരവെയാണ് ഇയാളെ പോലീസ് അറസ്‌റ് ചെയ്തത്.
സുല്‍ത്താന്‍പുര്‍ സ്വദേശിയായ ഇയാള്‍ ഓട്ടോ ഡ്രൈവറാണ്. ഖോദ കോളനിയിലെ വാടക വീട്ടില്‍ കഴിഞ്ഞു വരികയായിരുന്ന ഇയാളെ ഉപേക്ഷിച്ച് 20  ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യ പോയത്. നോയിഡയിലെ  ഒരു സ്പായിലാണ് ഭാര്യയ്ക്ക് ജോലി. മൂന്നു വയസുകാരനായ മകനെയും കൊണ്ടാണ് ഭാര്യ വീടു വിട്ടത്. ഇതേ തുടര്‍ന്ന് അസ്വസ്ഥനായിരുന്ന ഇയാള്‍ വ്യാഴാഴ്ചയാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നത്. നിര്‍ത്താതെ  കരഞ്ഞ കുഞ്ഞിന്റെ കരച്ചിലടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഗുപ്ത കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നത്. ശേഷം മൃതദേഹം തുണിയില്‍ കെട്ടി ഭാര്യയെ തേടി ഇറങ്ങുകയായിരുന്നു. ഗുപ്തയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു പോലീസ് നടപടി. വൈകുന്നേരം വീട്ടിലെത്തിയ ഗുപ്തയുടെ സഹോദരന്‍ വീട്ടില്‍ ആരും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. അപ്പോഴാണ് താന്‍ കുഞ്ഞിനെ കൊന്ന കാര്യവും നോയിഡയിലാണെന്ന കാര്യവും ഗുപ്ത  സഹോദരനോട് പറഞ്ഞത്. 

Latest News