ഉമ്മന്‍ചാണ്ടി സാറിന് ലാലേട്ടന്റെ പിറന്നാള്‍ ആശംസകള്‍ 

കോട്ടയം-77ന്റെ  നിറവില്‍ നില്‍ക്കുന്ന ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി സാറിന് ജന്മദിന ആശംസകള്‍.ഈയൊരു സുദിനത്തില്‍ മാത്രമല്ല, എന്നുമെന്നും അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ ജഗദീശ്വരന്‍ കനിഞ്ഞുനല്‍കട്ടെ എന്ന പ്രാര്‍ഥനയോടെ, സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍', ഫേസ്ബുക്കിലെ ലഘുവീഡിയോയില്‍ മോഹന്‍ലാല്‍  ആശംസിച്ചു.
നിയമസഭയില്‍ 50  വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ 77ാം പിറന്നാള്‍ എത്തുന്നത്. എന്നാല്‍  ഇത്തവണയും പതിവുപോലെ കാര്യമായ ആഘോഷങ്ങള്‍ ഇല്ലാതെയാണ് ഈ പിറന്നാള്‍. 
രാവിലെ  ഉള്ളൂരിലെ പള്ളിയില്‍ പോയി, പിന്നീട് കുടുംബസമേതം പ്രഭാതഭക്ഷണം,  ആശംസകളുമായെത്തിയവര്‍ക്ക് മധുരം, ഇവയിലൊതുങ്ങി  ഉമ്മന്‍ ചാണ്ടിയുടെ പിറന്നാള്‍.
അതേസമയം, ആശംസകള്‍ അറിയിക്കാന്‍ നിരവധി പേരാണ് തിരുവനന്തപുരത്തെ  'പുതുപ്പള്ളി' വീട്ടിലെത്തിയത്. എല്ലാവരോടും കുശലം പറഞ്ഞ ഉമ്മന്‍ ചാണ്ടി മധുരം നല്‍കി. ചിലര്‍ സമ്മാനങ്ങളും നല്‍കി. വീട്ടില്‍ ജന്മദിന കേക്ക് മുറിക്കല്‍ ഉണ്ടായിരുന്നില്ല. സമ്മാനത്തിനൊപ്പം കേക്കുമായി എത്തിയവരോടും കേക്ക് മുറിക്കാനില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.
ആശംസകള്‍ അറിയിക്കാന്‍ വന്നവരോടും, മറ്റ് ആവശ്യങ്ങള്‍ക്കായി  എത്തിയവരോടും കാര്യങ്ങള്‍ തിരക്കി വീണ്ടും രാഷ്ട്രീയ തിരക്കുകളിലേയ്ക്ക് ഉമ്മന്‍ചാണ്ടി നീങ്ങി. ജന്മദിന ആശംസകള്‍ അറിയിക്കാന്‍ വിളിച്ചവരോടും രാഷ്ട്രീയമായിരുന്നു ഉമ്മന്‍ചാണ്ടിയ്ക്ക് കൂടുതല്‍ പറയാനുണ്ടായിരുന്നത്. വിളിച്ച രാഷ്ട്രീയക്കാരോട് കൂടുതലും ചോദിച്ചത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എന്തായി എന്നായിരുന്നു.

Latest News