Sorry, you need to enable JavaScript to visit this website.

ഇന്ദിരാജി: മരിക്കാത്ത ഓർമകൾ

1984 ഒക്ടോബർ 31 ബുധനാഴ്ച രാവിലെ സമയം 9:20 ഡൽഹി സഫ്ദർജംഗ് റോഡിലുള്ള തന്റെ വസതിയുടെ തൊട്ടടുത്ത അക്ബർ റോഡിലെ ഒന്നാം നമ്പർ ഓഫിസുമായി ബന്ധിപ്പിക്കുന്ന പുൽത്തകിടിട്ട നടപ്പാതയിലൂടെ നടന്ന് നീങ്ങുകയണ് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ  ഗാന്ധി. 
പ്രശ്‌സത ബ്രിട്ടീഷ് നടനും എഴത്തുകാരനും ചലച്ചിത്രകാരനുമൊക്കെയായ പീറ്റർ അലക്‌സാണ്ടർ ഉസ്റ്റിനോവ് തന്റെ ഛായാഗ്രഹകനായ റോ റി ഫാരെലുമൊത്ത് 9:30 ന് നിശ്ചയിച്ചിരിക്കുന്ന ഇന്ദിരാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് വേണ്ടി വിശാലമായ പുൽത്തകിടിൽ സജ്ജീകരണങ്ങളൊരുക്കി കാത്തിരിക്കുകയായിരുന്നു. ഏറെ ശ്രമത്തിന് ശേഷമാണ് ലോകനേതാക്കളെകുറിച്ച് അദ്ദേഹം തയാറാക്കുന്ന ടെലിവിഷൻ പരമ്പരക്ക് വേണ്ടി ഇന്ദിരാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച തരപ്പെട്ടത്. എന്നാൽ പിന്നീട് രാവിലെ ഇന്ദിരാ ഗാന്ധിയുടെ വസതിക്ക് വെളിയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് അന്ന് രാത്രി യു.എസ് ടെലിവിഷൻ നെറ്റ് വർക്കിന് നൽകിയ അഭിമുഖത്തിൽ പീറ്റർ ഉസ്റ്റിനോവ് പറഞ്ഞതിങ്ങനെയാണ് : 'ഒരു പടക്കം പൊട്ടുന്നത് പോലുള്ള ശബ്ദമാണ് ഞാൻ പൊടുന്നനെ കേട്ടത്. നിലവിളികളൊന്നും കേട്ടില്ല ... 
വളരെ മനോഹരമായ ഒരു പൂന്തോട്ടത്തിൽ മരങ്ങളും പൂക്കളും പുൽത്തകടികളും കൊണ്ട് ചുറ്റപ്പെട്ട സ്ഥലത്ത് മഹാത്മാ ഗാന്ധിക്കുണ്ടായ അതെ ദുര്യോഗമാണ് ഇന്ദിരാഗാന്ധിക്ക് നേരെയും ഉണ്ടായതെന്ന് പീറ്റർ ഉസ്തിനോവ് പറഞ്ഞു. അമൃത്‌സറിലെ സുവർണക്ഷേത്രത്തിൽ ഇന്ത്യൻ പട്ടാളത്തെ അയച്ചതിന് ഇന്ദിരാ ഗാന്ധിയോടുള്ള പ്രതികാരമായിരുന്നു ബിയാന്തും സത്വന്തും നിറവേറ്റിയത്. ആദ്യം ബിയാന്ത് സിങ്ങും പിന്നെ സത്വന്ത് സിങ്ങും വെടിയുതിർക്കുമ്പോൾ ഏകദേശം 78 മീറ്ററുകൾ മാത്രം അപ്പുറത്തു നിന്നായിരുന്നു പീറ്റർ ഉസ്തിനോവ് വെടിയൊച്ചകൾ കേട്ടത്. 
1917 നവംബർ 19 നു തുടങ്ങിയ സംഭവബഹുലമായ ജീവിതമാണ് 67 വർഷങ്ങക്കു ശേഷം സഫ്ദർജങ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ അവസാനിച്ചത്. തൊട്ട് മുമ്പത്തെ ദിവസം ഭുവനേശ്വറിലെ ഒരു പൊതു റാലിയിൽ വെച്ച്  സംസാരിച്ച ഇന്ദിരാഗാന്ധിയുടെ വാക്കുകൾ തികച്ചും ആകസ്മികമാം വിധം പ്രവചനാത്മകമാകുകയായിരന്നു എന്നു വേണം പറയാൻ. ഇന്ദിരാ ഗാന്ധി തനിക്ക് നേരെയുണ്ടാകാനിടയുള്ള ആക്രമ സാധ്യതയെക്കുറിച്ച് സംസാരിച്ച വാക്കുകൾ ഇപ്രകാരമായിരുന്നു: 'ഇന്ന് ഞാൻ ഇവിടെയുണ്ടങ്കിലും നാളെ ഉണ്ടാകുമോ എന്നറിയില്ല. ദേശീയതാൽപര്യം നോക്കേണ്ട ഉത്തരവാദിത്തം ഞാൻ മുമ്പ് സൂചിപ്പിച്ചത് പോലെ ഓരോ ഇന്ത്യൻ പൗരന്റെയും ചുമതലയാണ്. എന്നെ വെടിവെക്കാൻ എത്ര ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും, എത്ര തവണ ലാത്തി ഉപയോഗിച്ച് എന്നെ അടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആർക്കുമറിയില്ല. ഭുവനേശ്വറിൽ വെച്ചും ഇഷ്ടിക ബാറ്റ് കൊണ്ട് എന്നെ ഇടിക്കുകയുണ്ടായി. സാധ്യമായ എല്ലാ രീതിയിലും അവരെന്നെ ആക്രമിച്ചിട്ടുണ്ട്. ഞാൻ ഇനിയും ജീവിച്ചിരിക്കുമോ മരിക്കുമോ എന്നത്  എനിക്ക് പ്രശ്‌നമല്ല. എന്നാൽ ഞാൻ ജീവിച്ച കാലം മുഴുവൻ എന്റെ ജനങ്ങളെ സേവിക്കാൻ സാധിച്ചതിൽ ഞൻ അഭിമാനിക്കുന്നു. എന്റെ അവസാന ശ്വസം വരെ ഞാൻ സേവനം തുടരും. ഞാൻ മരിക്കുമ്പോൾ  എന്റെ ഓരോ തുള്ളി രക്തവും ഇന്ത്യയെ ശക്തിപ്പെടുത്തും'. ഒക്ടോബർ 30 ന് രാത്രിയായിരുന്നു ഇന്ദിരാ ഗാന്ധി ദൽഹിയിൽ തിരിച്ചെത്തിയത്.  . ഏറെ തിരക്കുണ്ടായിരുന്ന ആ ദിവസം രാത്രി അവർക്ക് ശരിക്കും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അടുത്ത ദിവസം അതായത് ഒക്ടോബർ 31 ന് രാവിലെ 4 മണിവരെ അവർ ഉണർന്നിരിക്കുകയായിരുന്നുവെന്ന് സോണിയാ ഗാന്ധി തന്റെ രാജീവ് എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശക്തയായ വനിതാ നേതാവ് എന്ന്  ചരിത്രം രേഖപ്പെടുത്തിയ ഇന്ദിരാഗാന്ധി, നെഹ്‌റു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ഇന്ത്യയെ സേവിച്ച പ്രധാനമന്ത്രിയാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ശക്തിസ്രോതസ്സായി ഇന്ദിരാ ഗാന്ധി എന്നും സ്മരിക്കപ്പെടും. പ്രധാനമന്ത്രിയായിരിക്കെ, 50 വർഷം മുമ്പ് രാജ്യത്തെ 85 ശതമാനം നിക്ഷേപം കയ്യാളിയിരുന്ന 14 ബാങ്കുകളെ ദേശസാൽക്കരിച്ച ഇന്ദിരാ ഗാന്ധിയുടെ നടപടി രാജ്യത്തെ സാമൂഹിക സാമ്പത്തിക മേഖലക്ക് കരുത്തു പകർന്ന നീക്കമായി ഇന്നും വിലയിരുത്തപ്പെടുന്നു. ദാരിദ്ര്യ നിർമാർജനത്തിനായ് ഇന്ദിരാ ഗാന്ധി അവതരിപ്പിച്ച പദ്ധതികളും രാജ്യത്തിന്റെ സ്വയംപര്യാപ്തി ലക്ഷ്യമിട്ട് നടപ്പിലാക്കിയ ഹരിത വിപ്ലവവും അവർക്ക് രാജ്യത്തിന്റെ നായികാ പരിവേഷം നൽകി. 1971 ലെ യുദ്ധത്തിൽ പാക്കിസ്ഥാന്റെ ചിറകുകൾ വിഭജിച്ച് ബംഗ്ലാദേശിന്റെ ആവിർഭാവത്തെ സഹായിച്ചതാണ് അവരുടെ  മഹത്വത്തിന്റെ മറ്റൊരു നിമിഷമായി ചരിത്രം അടയാളപ്പെടുത്തിയത്. അതിനെ തുടർന്ന് അടൽ ബിഹാരി വാജ്‌പേയിയെപ്പോലുള്ള രാഷ്ട്രീയ എതിരാളികൾ പോലും ഇന്ദിരാ ഗാന്ധിയെ സർവ്വ ശക്തയായ ദുർഗാ ദേവിയെന്ന് വിശേഷിപ്പിക്കുകയുണ്ടായി. രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള നേതാവ് എന്ന നിലയിൽ മാത്രമല്ല പ്രിയദർശിനി എന്ന കുട്ടിയായും അനുസരണയുള്ള മകളായും ഉത്തരവാദിത്തമുള്ള അമ്മയെന്ന നിലയിലും, ഇച്ഛാ ശക്തിയുള്ള വ്യക്തിത്വമെന്ന നിലക്കും യഥാർഥ മതേതര വിശ്വാസിയും ആളുകളോട് അനുകമ്പകാണിച്ചിരുന്ന മനുഷ്യ സ്‌നേഹിയും ചേരിചേരാ പ്രസ്ഥാനത്തെ നയിച്ച ലോക നേതാവ് എന്ന നിലയിലും അറബ് ലോകത്തിന്റെ പ്രിയപ്പെട്ട സഹോദരി എന്ന നിലയിലുമെല്ലാം ബഹു മുഖ വ്യക്തി വൈശിഷ്ട്യത്തിന്റെ ഉടമയായിരുന്നു ഇന്ദിരാ ഗാന്ധി.
1981 ൽ യു.എ.ഇയും 1982 ൽ സൗദി അറേബ്യയും സന്ദർശിച്ച ഇന്ദിരാ ഗാന്ധിക്ക് അറബ് ലോകവുമായി വളരെ അടുത്ത സൗഹൃദമാണുണ്ടായിരുന്നത്.
 

Latest News