Sorry, you need to enable JavaScript to visit this website.
Sunday , November   29, 2020
Sunday , November   29, 2020

ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിര പ്രിയദർശിനി

ചിറകു മുളച്ചുതുടങ്ങിയ ഇന്ത്യയുടെ സ്വപ്‌നങ്ങളെ സാക്ഷാൽക്കരിച്ച ധീരവനിത, ഭാരതീയരുടെ മനസ്സിൽ ഇന്നുമൊരു സ്വപ്‌നം പോലെ, സ്വകാര്യ അഹങ്കാരം പോലെ നിറഞ്ഞു നിൽക്കുന്ന ആദർശവനിത. സ്ത്രീയുടെ ബലഹീനതയ്ക്കും ബലത്തിനും അതിരുകൾ കൽപ്പിക്കപ്പെടുന്ന ഇക്കാലത്ത് ലോകമംഗീകരിച്ച ഈ ശക്തയായ ഭരണാധികാരിയുടെ ജീവിതത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. വിടപറഞ്ഞ് കാലമെത്ര കഴിഞ്ഞിട്ടും ഓർമകളുടെ സ്പന്ദമാപിനികളിൽ ചോരചാറി ചുവപ്പിച്ച ഇന്ത്യയുടെ ഉരുക്കുവനിത.
'ഞാനെത്രകാലം ജീവിച്ചിരിക്കുമെന്നതിൽ എനിക്ക് നിശ്ചയമില്ല. എന്നാൽ ജീവിച്ചിരിക്കുന്ന കാലത്തോളം എന്റെ രാജ്യത്തിന്റെ സേവകയായിരിക്കും ഞാൻ. എന്റെ ശരീരത്തിൽനിന്നും അടർന്നുവീഴുന്ന ഓരോ തുള്ളി ചോരയും എന്റെ രാജ്യത്തിന്റെ വളക്കൂറുള്ള മണ്ണായിത്തീരും എന്ന് ഹൃദയത്തിൽ തൊട്ട് രാജ്യത്തോട് വിളിച്ചുപറയാൻ നമുക്കൊരു ഭരണാധികാരി മാത്രമേ ഇന്നുവരെ ഉണ്ടായിട്ടുള്ളൂ.
1984 ഒക്ടോബർ 31 ന് സ്വപ്‌നങ്ങളും പ്രതീക്ഷകളും പൂക്കുന്ന ഉദ്യാനത്തിൽ സ്വന്തം ജീവൻ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ തന്നെ ഘാതകരായപ്പോൾ ചോര തുളുമ്പി വീണുപോയത് ഇന്ത്യയുടെ അഭയവും അത്താണിയുമായിരുന്നു. യന്ത്രത്തോക്കുകളിൽനിന്നും ഇന്ദിരയുടെ മാറിടത്തിലേക്ക് തറച്ചുവീണത് 30 തീയുണ്ടകൾ. ദൽഹിയിലെ സപ്തജൽ ഉദ്യാനത്തിൽ ബ്രിട്ടീഷ് നടനായ പീറ്റർ ഓസ്റ്റിനോവിന് ഒരു ഹ്രസ്വചിത്രത്തിനു
വേണ്ടി ചിത്രീകരിച്ച ആ അപൂർണമായ അഭിമുഖം ചരിത്രത്തിൽ ഇടംപിടിച്ചു. ഓരോ ഒക്ടോബർ 31 നും ശക്തിസ്ഥലിൽ കണ്ണീരിൽക്കുതിർന്ന ആയിരമായിരം ചെമ്പനീർപ്പൂവുകൾ ഉതിർന്നു വീണുകൊണ്ടേയിരിക്കും. 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്ന് പേരിട്ട സൈനിക നടപടിയിലൂടെ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ കടന്നുകൂടിയ തീവ്രവാദികളെ തുരത്തിയോടിച്ച് രാജ്യത്ത് സമാധാനം ഉറപ്പുവരുത്തിയ ഒരു ധീരഭരണാധികാരിക്ക് ആ രാജ്യം പ്രതിഫലമായി കൊടുത്തത് 30 വെടിയുണ്ടകളായിരുന്നു. ഇന്ദിരയുടെ ജീവനാശത്തിലൂടെ മാത്രമേ സിക്കുകാരുടെ സംരക്ഷണം ഉറപ്പിക്കാനാകൂ എന്ന കള്ളപ്രചരണം ഇന്ദിരാ പ്രിയദർശിനിയെ ഓർമകളിൽ മാത്രമായി അവശേഷിപ്പിച്ചു. നാളുകൾ ഏറെ കഴിഞ്ഞാലും എത്രയൊക്കെ നാം വളർന്നാലും ഈ മഹാപാപത്തിന് കാലം മാപ്പു നൽകാൻ വഴിയില്ല.
ഫാസിസം പുതിയ രൂപത്തിലും ഭാവത്തിലും തീവ്രവും തീക്ഷ്ണവുമായി നമ്മെ ഭയപ്പെടുത്തുമ്പോൾ വർഗീയതയുടെയും അധികാര ദുർവിനിയോഗത്തിന്റെയും ധാർഷ്ട്യത്തിന്റെയും ആൾരൂപങ്ങളായി ഉറഞ്ഞുതുള്ളുന്ന ഭരണാധികാരികളുടെ നഖമുനകളേറ്റ് അരക്ഷിതാവസ്ഥയുടെയും അസമാധാനത്തിന്റെയും കാണാക്കയങ്ങളിലേക്ക് ആഴ്ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ തന്റെ രാജ്യത്തെ മുഴുവൻ നെഞ്ചോടുചേർത്തുവെച്ച ഇന്ദിരാജിയുടെ ശൂന്യത വല്ലാതെ കട്ടപിടിച്ചു കിടക്കുന്നു. ദേശീയപ്രസ്ഥാനത്തിന്റെ സിരാകേന്ദ്രമായ നെഹ്‌റു കുടുംബത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെയും കമല നെഹ്‌റുവിന്റെയും മകളായി 1917 നവംബർ 19 ന് ഇന്ദിരാ പ്രിയദർശിനി ജനിച്ചു. 
മുത്തച്ഛൻ മോത്തിലാൽ നെഹ്‌റുവിന്റെയും മുത്തശ്ശി സ്വരൂപാ റാണിയുടെയും രാഷ്ട്രീയചിന്തകൾക്ക് വഴിതുറന്ന ആനന്ദമന്ദിരത്തിൽ പിൽക്കാലത്തെ ഇന്ത്യയുടെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും പിറവിയെടുക്കുകയായിരുന്നു.  ലോകത്ത് ജീവിച്ച ശ്രേഷ്ഠയായ വനിതയെ ബി.ബി.സി കണ്ടെത്തിയത് ഇന്ദിരാഗാന്ധിയിലൂടെയായിരുന്നു. 
1966 കാലഘട്ടത്തിലും പിന്നീട് അവസാനകാലത്തിലും നാലു തവണയായി അധികാരത്തിലേറിയ ഇന്ത്യയുടെ ധീരയായ പ്രധാനമന്ത്രി, ലോകചരിത്രത്തിലെ തന്നെ ശക്തയായ ഭരണാധികാരിയായി മാറിയത് അവരുടെ ധീരമായ നിലപാടുകൾ കൊണ്ടായിരുന്നു.
1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധമാണ് ഇന്ദിരാഗാന്ധി എന്ന ഭരണാധികാരിയെ ലോകമംഗീകരിച്ച മഹാസംഭവം. കിഴക്കൻ പാക്കിസ്ഥാനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക് പറഞ്ഞുവിട്ട പാക്ക് സൈന്യത്തിന് ഇന്ദിര കൊടുത്ത മറുപടി പാക്ക് സൈനികരെ തടവിലാക്കിക്കൊണ്ട് പാക്കിസ്ഥാനിന്റെ അധീനതയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശിനെ പാക്കിസ്ഥാനിൽനിന്നും വേർപ്പെടുത്തിക്കൊണ്ടായിരുന്നു. 
ഈ വിമോചനയുദ്ധത്തെ പ്രകീർത്തിച്ച് അന്നത്തെ പ്രതിപക്ഷനേതാവ് അടൽബിഹാരി വാജ്‌പേയ് ഇന്ദിരാഗാന്ധിയെ വിശേഷിപ്പിച്ചത് ദുർഗാദേവി എന്നായിരുന്നു. ചരിത്രത്തിന് കണ്ണുചിമ്മാൻ കഴിയാത്ത യഥാർത്ഥ്യത്തിന്റെ പൊരുൾമൊഴികൾ ഇവിടെയാണ് ഇന്ദിരാ പ്രിയദർശിനി എന്ന ഒരു സ്ത്രീ ഉരുക്കുവനിതയായി ജനമനസ്സുകളിൽ രൂപാന്തരം പ്രാപിക്കുന്നത്. 
1974ൽ 'ബുദ്ധൻ ചിരിക്കുന്നു' എന്ന പേരിൽ വിജയകരമായ ആണവപരീക്ഷണത്തിന് ചങ്കുറപ്പു കാണിച്ചതും സമാധാന ലക്ഷ്യപ്രാപ്തിയിലേക്കുള്ള പ്രയാണമാണെന്ന ഇന്ദിരയുടെ ന്യായവാദത്തെ പിൽക്കാലത്ത് ലോകം അംഗീകരിക്കുന്നതും നാം കണ്ടു.
ദാരിദ്ര്യം നീക്കുക എന്ന എന്നർത്ഥം വരുന്ന 'ഖരീബി ഹഢാവോ' എന്ന മുദ്രാവാക്യത്തിലൂടെ ദാരിദ്ര്യത്തെ നേരിട്ട ഭരണാധികാരിയായിരുന്നു അവർ. 1975 ജൂൺ 25 ന് ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നേരിട്ട എതിർപ്പുകളെ പിൽക്കാലത്ത് അനായാസം നേരിടാനും ഇന്ദിരയ്ക്ക് സാധിച്ചു. 
സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാക്കിയും പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് വേഗത്തിൽ തീർപ്പുകൽപിച്ചും കരിഞ്ചന്തക്കാരെയും പൂഴ്ത്തിവെപ്പുകാരെയും നികുതിവെട്ടിപ്പുകാരെയും 'മിസ' നിയമപ്രകാരം ഇരുമ്പഴിക്കുള്ളിലാക്കിയ ശക്തയായ ഭരണാധികാരിയായും, പാവപ്പെട്ടവന്റെ പക്ഷം ചേരാത്തവന്റെയും നിയമ നീതിനിഷേധകരുടെയും പേടിസ്വപ്‌നമായും ഇന്ദിര മാറി. ദരിദ്രരുടെ ഉന്നമനം ലക്ഷ്യമാക്കി 30 ലക്ഷം ഭൂരഹിതർക്കും ദളിതർക്കും വീടുവെക്കാൻ സ്ഥലം നൽകിയതും ഭൂരഹിതർക്ക് 11 ലക്ഷം ഭൂമി വിതരണം ചെയ്തും അടിമപ്പണി നിയമവിരുദ്ധമാക്കിയും ചെറുകിട കർഷകരുടെ കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചും സാധാരണക്കാരുടെ കൂടെനിന്ന ദരിദ്രരുടെ ക്ഷേമത്തിനും പുരോഗതിക്കുംവേണ്ടി ധീരമായി നിലകൊണ്ട മറ്റൊരു പ്രധാനമന്ത്രിയെ പിൽക്കാലത്തെങ്ങും രാജ്യം കണ്ടിട്ടില്ല.
ഹരിതവിപ്ലവവും ധവളവിപ്ലവവും നടപ്പാക്കി കാർഷികമേഖലയെ പുരോഗതിയിലേക്ക് കൈപിടിച്ചുനടത്തിയ ക്രാന്തദർശിയായ ഭരണാധികാരി. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലായിരുന്ന ബാങ്കിംഗ് സംവിധാനം ദേശസാൽകൃതമാക്കിയ ഭരണപരിഷ്‌ക്കാരം ലോകത്തിനു തന്നെ മാതൃകയാകുകയും ബാങ്കുകൾ അന്നന്നത്തെ അപ്പത്തിനുവേണ്ടി വിയർപ്പൊഴുക്കുന്ന പാവങ്ങൾക്കും പ്രാപ്യമാവുകയും ചെയ്തു.
ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്കുള്ള ഭവനപദ്ധതിയായ 'ഇന്ദിരാ ആവാസ് യോജന'യും രാജ്യത്തെ തന്നെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നായ ദൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളവും ലോകത്തിലെ തന്നെ ഏറ്റവും വലിയ യൂനിവേഴ്‌സിറ്റിയായ ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്‌സിറ്റിയും ഇന്ദിരയോടുള്ള ആദരസൂചകമായി പേരു നൽകിയിരിക്കുന്നവയാണ്. രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നവും ബംഗ്ലാദേശ് ഫ്രീഡം ഓണർ മരണാനന്തര ബഹുമതിയും ഇന്ദിര നേടിയെടുത്തു.
ചരിത്രനിയോഗങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ ഇന്ദിരയുടെ ചോരവീണു കുതിർന്ന ഈ മണ്ണിൽ, അസമത്വങ്ങൾക്കും അസമാധാനങ്ങൾക്കുമിടയിലൂടെ നാമിനിയും യാത്രതുടരേണ്ട പ്രതീക്ഷകളുടെ ഈ ഭൂമിയിൽ കാതു ചേർത്തുവെക്കാം നമുക്ക്, ആദരവിന്റെയും സ്‌നേഹത്തിന്റെയും ഒരുപിടി ചെമ്പനീർപൂക്കളോടൊപ്പം. ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും കൈപിടിച്ച് നേരിന്റെ വഴിയിലൂടെ യാത്ര ചെയ്യേണ്ടതെങ്ങനെയെന്ന് അവർ നമുക്ക് പറഞ്ഞുതരും. 
ആദർശവും വ്യക്തിത്വവും വാക്കിലും പ്രവർത്തിയിലും സൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അവർ നമ്മെ പഠിപ്പിക്കും. താൻ നെഞ്ചോടു ചേർത്തുവെച്ച ഇന്ത്യയെ ഓർത്ത് ആ പുണ്യജന്മം വിലപിക്കാതിരിക്കാൻ ഇന്ത്യയെന്ന സംസ്‌കാര വൈവിധ്യങ്ങളുടെ കലവറയെ, നന്മയെ സമൃദ്ധിയെ ഇനി നമ്മളാണ് സ്‌നേഹിച്ചുതുടങ്ങേണ്ടത്. 
വെറുക്കാനല്ല സ്‌നേഹിക്കാനാണ് നാമിനി പഠിക്കേണ്ടത്.  കൊന്നുതള്ളാനല്ല കരുത്തു നൽകി അപരനോടൊപ്പം ചേർന്നുനിൽക്കാനാണ് നാം ശീലിക്കേണ്ടത്. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും കണ്ണുകളാണ് നാമിനി തുറന്നുപിടിക്കേണ്ടത്. 

Latest News