Sorry, you need to enable JavaScript to visit this website.
Wednesday , November   25, 2020
Wednesday , November   25, 2020

ഭാവി മുഖ്യമന്ത്രി രാഹുൽജിയോ ടീച്ചറമ്മയോ?

സ്വപ്‌നത്തിന്റെ ക്ലൈമാക്‌സിലെത്തിയപ്പോഴാണ് സെൽഫോൺ തുടരെത്തുടരെ അടിച്ചുകൊണ്ടിരുന്നത്. അമേരിക്കയിലെ പാതിരാവിൽ വിളിച്ചുണർത്താനായി എനിക്കിവിടെ ആരുമില്ല. പക്ഷെ നാട്ടിലെ നട്ടുച്ച നേരത്തു സ്ഥലകാല ബോധമില്ലാതെ ആരെങ്കിലും വിളിച്ചുപോയതായിരിക്കും. ഒരുവേള ശങ്കിച്ചുകൊണ്ട് ഐഫോണിലെ സ്‌ക്രീനിലേക്ക് ഉറക്കച്ചവടോടെ നോക്കി. സ്‌ക്രോൾ ചെയ്തു നീങ്ങുന്ന അക്ഷരങ്ങളിലേക്ക് നോക്കിയപ്പോൾ ഞാൻ ഞെട്ടി. 'ചെന്നിത്തല' ബാക്കി വായിക്കാതെ ഫോൺ എടുത്തുകൊണ്ട് ഞാൻ ആലോചിച്ചു. ചെന്നിത്തലയുമായി മനസാ വാചാ കർമണാ എനിക്ക് യാതൊരു ബന്ധവുമില്ലല്ലോ, പിന്നെ അദ്ദേഹം എന്നെ ഈ പാതിരാവിൽ എന്തിനു വിളിക്കണം. ഞാൻ അമേരിക്കയിലാണെന്ന വിവരം അദ്ദേഹത്തോടാരു പറഞ്ഞു. കേരളത്തിൽ സ്പ്രിംഗഌ കരാർ വിവാദമായിരിക്കുകയാണല്ലോ, ഒരു പക്ഷെ അമേരിക്കയിലെ സ്പ്രിംഗഌ കമ്പനി ഉടമയെ മറ്റോ കാണാനായിരിക്കുമോ? അതോ കോവിഡ് രോഗികളുടെ ഡാറ്റാ ശേഖരണം എവിടെയെത്തി എന്നറിയാനാകുമോ? ഏതായാലും രണ്ടും കൽപിച്ചു ഞാൻ സംസാരിച്ചു തുടങ്ങി. കാതങ്ങൾക്കകലെയുള്ള ശബ്ദം എന്റെ കാതുകളെ കോരിത്തരിപ്പിച്ചു. വളരെ സൗഹൃദത്തോടെ എന്നാൽ തെല്ലും ഗൗരവമില്ലാതെ ഒരു ചിരകാല സുഹൃത്തിന്റെ സകല സ്വാതന്ത്രവും എടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.
 'ഹസ്സൻ സാറെ, താൻ എവിടേയാ, ഒരുപാടുനാളായല്ലോ ഈ ശബ്ദം കേട്ടിട്ട്'. ഞാൻ അതിശയിച്ചു, ഞാൻ അറിയാത്ത എന്നെ അറിയാത്ത ചെന്നിത്തല എന്നോടിത്ര സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്നതെങ്ങനെ? അദ്ദേഹം തുടർന്നു, 'നമ്മുടെ പ്രസ്ഥാനം വളർന്നു വലുതായിരിക്കുന്നു..എടൊ താനൊന്നു കാര്യമായി രംഗത്തിറങ്ങണം.'
എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല, ഞാൻ ഒരു രാക്ഷ്ട്രീയക്കാരനോ കോൺഗ്രസുകാരനോ അല്ല, എന്നിട്ടും ഇത്ര ഫ്രീയായി എന്നോടെന്തിന് ചെന്നിത്തല സംസാരിക്കുന്നു? അദ്ദേഹം തുരുതുരാ സംസാരം തുടർന്നപ്പോൾ ഞാൻ ശരിക്കും ഉണർന്നു കഴിഞ്ഞിരുന്നു. കട്ടിലിൽ എഴുന്നേറ്റിരുന്നു ഫോണിലേക്കു വീണ്ടും നോക്കി. എന്നോട് സംസാരിക്കുന്ന വ്യക്തി സാക്ഷാൽ 'ചെന്നിത്തല' തന്നെയാണോ? അപ്പോഴാണ് ശരിക്കും  സ്‌ക്രീനിലൂടെ മാറിമറിയുന്ന പേര് ശ്രദ്ധിച്ചത്. അത് 'ഹ്യൂമൻ റൈറ്‌സ് പ്രൊട്ടക്ഷൻ മൂവ്‌മെന്റിന്റെ'  ചെയർമാൻ 'പ്രകാശ് ചെന്നിത്തല'യായിരുന്നു. എനിക്കു പറ്റിയ അബദ്ധം മറച്ചുവെച്ചുകൊണ്ടു ഞാനും സംസാരത്തിൽ മുഴുകി.
 പാതിവഴിയിൽ നഷ്ട്ടപ്പെട്ട സ്വപ്‌നത്തിലെ ബാക്കിപത്രം ഓർത്തെടുക്കാനുള്ള എന്റെ ശ്രമം തുടർന്നു. പുറത്തെ കനത്ത തണുപ്പിനു വിട്ടുകൊടുക്കാതെ എന്റെ ശരീരം കട്ടിയുള്ള  പുതപ്പിനുള്ളിൽ പൊതിഞ്ഞുവെച്ചുകൊണ്ട് നേർത്ത നിദ്രയിലേക്ക് വഴുതിവീണു. പ്രകാശുമായി പങ്കുവെച്ച ആശയങ്ങളെ അമേരിക്കയിലിരുന്നുകൊണ്ടു പ്രാവർത്തികമാക്കാനുള്ള എന്റെ നിസ്സഹായത അറിയാമായിരുന്നിട്ടും അവരുടെ ജീവകാരുണ്യ പ്രവർത്തനത്തിൽ എന്നാലാവുന്നതു ചെയ്യണമെന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ ഒരു തുടർക്കഥയായ നമ്മുടെ നാട്ടിൽ ഇത്തരം സംഘടനകളുടെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണ്. ആരോരുമില്ലാത്തവർക്കുവേണ്ടി സഹായഹസ്തം നീട്ടാൻ ആരെങ്കിലും ഉണ്ടല്ലോ?
 പാതി ഉറക്കത്തിലേക്ക് തെന്നിയവീണ എന്റെ മനസ്സിൽ അറിയാതെ കയറിവന്നതു ന്യൂസിലൻഡിലെ ഭരണാധിപ 'ജസിന്ത കാറ്റേ ലൗറേൽ ആർഡൺ' എന്ന മഹത്‌വ്യക്തിയുടേതായിരുന്നു. അവിടത്തെ 40-ാമത്തെ പ്രധാനമന്തിയായ ജസിന്ത 2008 മുതൽ ലേബർ പാർട്ടിയുടെ എം.പി സ്ഥാനം വഹിച്ചുപോന്നു. 2017 ൽ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ (37 വയസ്സ്) വനിതാ പ്രധാനമന്ത്രി പദം അവരെ തേടിയെത്തിയത് അവിചാരിതമായിരുന്നെങ്കിലും തികഞ്ഞ ആൽത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും ഒരു രാജ്യത്തിന്റെ ഭരണസാരഥ്യം അവരുടെ കൈകളിൽ ഭദ്രമായിരുന്നു.
 പസിഫിക് സമുദ്രത്തിന്റെ തെക്കുഭാഗത്തു കടലിലെ ഒരു തുരുത്തുപോലെ കിടക്കുന്ന ഒരു കൊച്ചു രാജ്യത്തിന്റെ മഹാറാണിയാണിന്നു ജസിന്ത. ലോകത്തിലെ ആറാമത്തെ വലിയ ദ്വീപ് രാഷ്്ട്രം! ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ആശീർവാദവും സ്‌നേഹവും പിടിച്ചിലുപറ്റിയ ജസിന്തക്കു അവകാശപ്പെടാനായി ഒരു പാട് നല്ല  കാര്യങ്ങളുണ്ട്. എന്നാൽ അവരെ ഉയർച്ചയുടെ ഹിമാലയത്തിലെത്തിച്ചത് അവരുടെ സ്വതസിദ്ധമായ 'വിനയം' മാത്രമാണ്. മറ്റു പല ലോക നേതാക്കളിൽനിന്ന് അവരെ വ്യത്യസ്ഥയാക്കുന്നതും വിനയത്തിൽ പൊതിഞ്ഞ അവരുടെ ശരീര ഭാഷയും സാധാരണക്കാരിൽ സാധാരണക്കാരായവരോടുള്ള അനുകമ്പയും സ്‌നേഹവുമാണ്.  ഏകദേശം അഞ്ചു ദശലക്ഷം ജനസംഖ്യയുള്ള ഈ കൊച്ചു രാജ്യത്തെ ലോകത്തിന്റെ മുൻ നിരയിലെത്തിക്കാൻ അവർക്കു അധികമൊന്നും കഠിനാധ്വാനം ചെയ്യേണ്ടി വന്നില്ല. സ്വന്തം പ്രജകളോട് വായിട്ടലക്കേണ്ടി വന്നില്ല. നുണകൾ പറഞ്ഞു ജനങ്ങളെ വഞ്ചിക്കേണ്ടി വന്നില്ല.  വിനയത്തോടെയുള്ള അവരുടെ കൊച്ചുകൊച്ചു സംഭാവനകൾ ജനങ്ങൾ അംഗീകരിച്ചു, അതായിരുന്നു അവരുടെ രണ്ടാം വരവിന്റെ വിജയരഹസ്യം. ഇന്നത്തെ ലോകത്തു നമുക്ക് കാണാനില്ലാത്തതും ജസിന്തയെ പോലുള്ള ഭരണാധികാരികളെയാണ്.
 ജസിന്തയുടെ മൃഗീയഭൂരിപക്ഷ വിജയത്തിന് (65%) പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ലോകത്തെയാകെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസിനെ അതിശക്തമായി പിടിച്ചുകെട്ടാനുള്ള  അവരുടെ മനസ്സാന്നിധ്യവും മഹാമാരിയായ വൈറസിനെ തോൽപിക്കാനായതും ലോകത്തിൽ മറ്റൊരു നേതാവിനും അവകാശപ്പെടാനാവാത്തതാണ്. അഞ്ചു ദശലക്ഷം വരുന്ന ജനസംഖ്യയിൽ 1968 പോസിറ്റീവ് കേസും 25 കോവിഡ് മരണവുമാണ് ഇതേവരെ റിപ്പോർട്ട് ചെയ്തത്. ഭരണാധികാരിയുടെ നിശ്ചയദാർഢ്യവും സ്വന്തം ജനതയെ വൈറസിനു പോലും വിട്ടുകൊടുക്കില്ലന്ന അവരുടെ വാശിയുമായിരുന്നു ഈ വിജയത്തിന് കാരണം.
 'നിങ്ങൾ ഗംഭീര വിജയം ആഘോഷിക്കുമ്പോൾ ഞങ്ങൾ അഭിനന്ദിക്കുകയും പുതിയ തുടക്കത്തിന് ആശംസ നേരുകയും ചെയ്യുന്നു. കോവിഡ് മഹാമാരിയെ നിങ്ങൾ കാര്യക്ഷമമായി നേരിടുന്നത് കാണുന്നത് മഹത്തരമാണ്. വെല്ലുവിളികളെ അതിജീവിക്കുന്നതിൽ വനിതാ നേതാക്കൾ എങ്ങനെ വിജയിക്കുന്നുവെന്നു ലോകത്തെ കാണിച്ചതിന് നന്ദി.'  
 കേരളത്തിന്റെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡിന് അയച്ച ട്വീറ്റിൽ പറഞ്ഞ വാക്കുകളാണ് മുകളിൽ കൊടുത്ത്. തുടക്കത്തിൽ കേരളവും ഇവിടത്തെ ആരോഗ്യമന്ത്രിയും കോവിഡ് മഹാമാരിയെ നേരിടുന്ന കാര്യത്തിൽ വളരെ മുൻപന്തിയിലായിരുന്നു. ലോക മാധ്യമങ്ങളുടെപോലും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യനാളുകളിലെ വൈകുന്നേരങ്ങളെ ധന്യവും അർത്ഥവത്തുമാക്കിയത് അതിലടങ്ങിയ ആരോഗ്യപരിപാലനത്തെ കുറിച്ചുള്ള ടീച്ചറുടെ കരുതലും തലോടലുകളും കോവിഡിനെ അതിജീവിക്കാൻ മതിയായതായിരുന്നു. ഒരധ്യാപിക ക്ലസെടുക്കുന്ന മികവോടെ നമ്മിലേക്ക് അറിവുകൾ പകർന്നു തന്നിരുന്നു. ജസിന്തയെപോലെ, ശൈലജ ടീച്ചറെപ്പോലെ വനിതാ നേതാക്കൾക്കു ഏതു മഹാമാരിയെയും പകർച്ചവ്യാധിയെയും നേരിടുന്നതിൽ അതീവ ശ്രദ്ധാലുക്കളായിത്തീരാൻ സാധിക്കുമെന്നത് തെളിയിക്കപ്പെട്ടിരിക്കുന്നു. ടീച്ചറുടെ വിനയവും നിശ്ചയദാർഢ്യവും നിപ്പയുടെ നാളുകളിൽ കേരളം അനുഭവിച്ചറിഞ്ഞതാണ്. അതുകൊണ്ടാണല്ലോ കേരളത്തിലെത്തിയ ആദ്യ കോവിഡ് രോഗിയെ തേടിപ്പിടിച്ചതും പകർച്ചവ്യാധിയെ നിയന്ത്രണ വിധേയമാക്കിയതും. ആദ്യനാളുകളിലെ കരുതലും പ്രതിരോധവും വഴി ഒരളവുവരെ കോവിഡിനെ പിടിച്ചു നിർത്താനവർക്കു സാധിച്ചു. കേരളത്തിന്റെ ആരോഗ്യ രംഗം കുറ്റമറ്റതായിത്തീർക്കാനുള്ള അവരുടെ ശ്രമം കടൽ കടന്നെത്തി, അഭിനന്ദനങ്ങളും അനുമോദനങ്ങളും അവരറിയാതെ അവരെത്തേടിയെത്തി. പക്ഷെ, ഇടക്കെവിടെയോവെച്ചു നമുക്ക് പലതും കൈമോശം വന്നിരിക്കുന്നു. കോവിഡിനായി അവർ വരച്ച ലക്ഷ്മണരേഖ ആരൊക്കെയോ മായ്ച്ചു കളഞ്ഞിരിക്കുന്നു.   അജ്ഞാതമായ ഏതോ ഇടപെടലുകളാണോ ഈ സ്ഥിതിയിലേക്ക് നമ്മുടെ നാടിനെ എത്തിച്ചത്, അതോ പതിവ് രാക്ഷ്ട്രീയക്കളികളോ? ഒരുപക്ഷെ ജസിന്തയെ പോലെ ഇവരും വിലസി വലുതായി ചക്രവാളസീമകളെ മറികടക്കുമോ എന്ന് ആരോ ഭയപ്പെട്ടിരുന്നോ?
 ഇയ്യിടെ ഇന്ത്യയുടെ നൊമ്പരമായിമാറിയ ഹാഥറസിൽ ചുട്ടുകരിച്ച ഒരു 19 കാരിയുടെ കുടുംബത്തെ കാണാനും സാന്ദ്വനമരുളാനും ഒരു ആങ്ങളയും പെങ്ങളും അവിടേക്കെത്തിയിരുന്നു. സർക്കാരിന്റെ എതിർപ്പുകളെ വകവെക്കാതെ ആ കുടുംബത്തെ നേരിൽ കാണാൻ പോകുന്ന തത്സമയ ദൃശ്യങ്ങൾ ലോക മാധ്യമങ്ങൾക്കു റിപ്പോർട്ട്  ചെയ്യേണ്ടിവന്നു. എന്തിനായിരുന്നു ഭരണകൂടം അവരെ വിലക്കിയത്? അങ്ങനെ ചെയ്യാൻ പാടുള്ളതാണോ? ആർക്കും ഒന്നുമറിയില്ല. വാർത്താ ചാനലുകൾക്ക് ചിലപ്പോഴൊക്കെ കിട്ടുന്ന ചാകരകൾ അവർ വേണ്ടുവോളം ആഘോഷിക്കും. അതിനപ്പുറം ഒന്നും സംഭവിക്കില്ലെന്ന് ഭരണകൂടത്തിന്നറിയാം. വാളയാറിലെ പെൺകുട്ടിയെകുറിച്ചുള്ള വാർത്തകൾക്കു പ്രാധാന്യം എങ്ങനെ ഇല്ലാതായോ, ജോർജ് ഫ്രോയ്ഡിനെ കാൽമുട്ടുകൊണ്ടമർത്തി ശ്വാസം മുട്ടിച്ചുകൊന്ന ഡെറിക് ഷോവനെ കുറിച്ചുള്ള വാർത്തകൾ എങ്ങനെ അപ്രത്യക്ഷമായോ അതുപോലെ ഇത്തരം വാർത്തകൾക്കുള്ള ആയുസ്സിന് പരിമിതികൾ ഏറെയുണ്ട്. അവ വരുന്നതും പോകുന്നതും വളരെ പെട്ടന്നായിരിക്കും. ഫോളോഅപ് ചെയ്യാനോ, യാഥാർഥ്യങ്ങൾ കണ്ടെത്താനോ ലോകത്തിലെ ഒരു മാധ്യമത്തിനും സാധിക്കില്ല, വായനക്കാരും കാഴ്ചക്കാരും പുതിയ വാർത്തകൾക്കും സംഭവങ്ങൾക്കുമായി കാത്തിരിക്കും. (21 വയസ്സ് വിവാഹപ്രായമായി നിയമം വന്നാൽ ഹാഥ്‌റസിലെ പോലെ വളയാറിലെയുള്ള നിഷ്ടൂര മരണങ്ങൾ കൂടാനുള്ള സാധ്യതകൾ ഏറെയായിരിക്കും).
 ഇടതുവലതു രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാണ് കേരളം. അടുത്ത ഭരണം ആരുടെ കൈകളിലായിരിക്കും വന്നുചേരുക? ഇരുകൂട്ടരും ആരെയെങ്കിലുമൊക്കെ കൂട്ടുപിടിച്ചു ഭരിക്കും. അമേരിക്കയിലെപോലെ പ്രസിഡന്റ്/വൈസ് പ്രസിഡന്റ്  സ്ഥാനാർഥിയെ മുൻകൂട്ടി തീരുമാനിച്ചു വോട്ടു ചോദിക്കുന്ന സമ്പ്രദായമായിരുന്നെങ്കിൽ കേരളത്തിലെ ഭാവി മുഖ്യ മന്ത്രിയായി ആരെയായിരിക്കും നിർത്തുക. ഡൊണൾഡ് ട്രംപും ജോ ബൈഡനുമാണ് അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാർഥികൾ. അവർ തെരഞ്ഞെടുക്കുന്നത് പാർട്ടിയെയല്ല, വ്യക്തികളെയാണ്. അവരാവട്ടെ തെരെഞ്ഞടുപ്പിനുമുമ്പ് നടക്കുന്ന ഡിബേറ്റിൽ ഓരോരുത്തരുടെയും ഭരണ തന്ത്രം, മിടുക്കും കഴിവും തുറന്നു ചർച്ച ചെയ്യണം. അവരുടെ കഴിവുകൾ ജനങ്ങളെ ബോധ്യപ്പെടുത്തണം. പകരം ഇവിടെ മുഖ്യമന്ത്രി പദം തീരുമാനിക്കുന്നത് പാർട്ടിയായിരിക്കും. അങ്ങനെ വരുമ്പോൾ കഴിവുള്ള ഒരു നേതാവിനെ തെരെഞ്ഞെടുപ്പ് ഗോദയിൽ ഉയർത്തിപ്പിടിക്കാൻ ഇടതിലാര്? വലതിലാര്? ഈ ചോദ്യമാണ് കേരളം 2021 ൽ ചോദിക്കാൻ പോവുന്നത്.
 

Latest News