Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇ.ഡി;  പിണറായിക്കെതിരെ ശക്തമായ നീക്കം

കൊച്ചി- സ്വർണക്കടത്തിന് പിന്നിലെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്്‌മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്ന സൂചനകൾ ശക്തമായി. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയടക്കം മൂന്നു പേരെ സ്വപ്‌നയുടെ ഇടപാടുകളുമായി ബന്ധപ്പെടുത്താനുള്ള വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ശേഖരിച്ചതായാണ് അറിയുന്നത്. ഇതുസംബന്ധിച്ച വിവരങ്ങളാണ് ശിവശങ്കറിനെ ആഴത്തിൽ ചോദ്യം ചെയ്ത് ശേഖരിക്കാൻ ഇ ഡി അന്വേഷകർ ശ്രമിക്കുന്നത്. ഇ ഡിക്ക് ചില അജണ്ടകളുണ്ടെന്നും അതിനനുസരിച്ചുള്ള മറുപടികളാണ് അവർ തന്നിൽ നിന്ന് നേടാൻ ശ്രമിക്കുന്നതെന്നും അതിന് താൻ തയ്യാറാകാതിരുന്നപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കർ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ വേളയിൽ ജഡ്ജിയോട് പറഞ്ഞിരുന്നു. ഇതിൽ നിന്ന് തന്നെ കേസ് ഏത് ദിശയിലേക്കാണ് പോകുന്നതെന്നതിന്റെ ഏകദേശ ചിത്രം നിയമ-രാഷ്ട്രീയ വൃത്തങ്ങളിലുള്ളവർക്ക് ലഭിച്ചു കഴിഞ്ഞു. 
ശിവശങ്കർ എന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ചെയ്ത തെറ്റുകൾക്ക് സർക്കാർ ഉത്തരവാദിയല്ലെന്നാണ് മുഖ്യമന്ത്രിയടക്കമുള്ള ഇടതുപക്ഷ നേതാക്കൾ വാദിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അന്വേഷണം മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്ക് എത്തിയാൽ ഈ വാദം പൊളിയും. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെയാണ് പ്രധാനമായും കേസിൽ കണ്ണി ചേർക്കാൻ എൻഫോഴ്‌സ്‌മെന്റ് ശ്രമിക്കുന്നതെന്നാണ് അറിയാൻ സാധിച്ചത്. ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്ക് അന്വേഷണം എത്തിക്കാൻ ശിവശങ്കറിന്റെ മൊഴികൾ നിർണായകമാകും. ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കിക്കൊണ്ടായാലും ഇത്തരമൊരു മൊഴി നേടിയെടുക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. ഈ ശ്രമം വിജയിക്കുകയും അന്വേഷണം മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്ക് എത്തുകയും ചെയ്താൽ മുഖ്യമന്ത്രിയെ തന്നെ ചോദ്യം ചെയ്യാൻ വഴിയൊരുങ്ങും. ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്ന് തന്നെ ആരോപിക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി മറിയും. 
മുഖ്യമന്ത്രിയെ ഈ കേസുമായി ബന്ധപ്പെടുത്താൻ ഇ ഡി ശ്രമിക്കുന്നുവെന്നതിന്റെ സൂചനയായിരുന്നു പുറത്തുവിട്ട ചില മൊഴികളിൽ മുഖ്യമന്ത്രിയെ പരാമർശിക്കുന്ന ചില ഭാഗങ്ങൾ. സ്വപ്‌നക്ക് ശിവശങ്കറിനെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നാണ് സ്വപ്‌നയുടെ മൊഴി അടിസ്ഥാനപ്പെടുത്തി ഇ ഡിയുടെ റിപ്പോർട്ടിൽ പറയുന്നത്. 2019 ഏപ്രിലിൽ ശിവശങ്കർ നയതന്ത്ര ബാഗേജ് വിട്ടുകിട്ടുന്നതിന് കസ്റ്റംസിനെ ബന്ധപ്പെട്ടിരുന്നതായി ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം കാര്യങ്ങൾ ആർക്കൊക്കെ നേരെ അന്വേഷണത്തിന്റെ ദിശതിരിച്ചുവിടുമെന്ന കാര്യത്തിൽ ഭരണപക്ഷത്ത് ആശങ്ക ശക്തമായിക്കൊണ്ടിരിക്കുകയാണ്. 
പിണറായി വിജയനെതിരെ കെ എം ഷാജഹാൻ, ക്രൈം നന്ദകുമാർ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തുന്ന നീക്കങ്ങളും ശ്രദ്ധേയമാണ്. സ്വർണക്കടത്തിന്റെ ഗൂഢാലോചനക്ക് നേതൃത്വം നൽകിയ പിണറായി വിജയനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ക്രൈം നന്ദകുമാർ പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം പരാതിയയച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടിക്ക് പ്രധാനമന്ത്രി നിർദേശം നൽകിയെന്നാണ് ക്രൈം നന്ദകുമാർ അവകാശപ്പെടുന്നത്. നവംബർ ആദ്യവാരം പിണറായിവിജയൻ അറസ്റ്റിലാകുമെന്ന് ഒരാഴ്ച മുമ്പ് നന്ദകുമാർ പറഞ്ഞിരുന്നു. ലാവ്്‌ലിൻ കേസിൽ പിണറായി വിജയനെ പ്രതിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് ക്രൈം നന്ദകുമാർ.  വി എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാനും പിണറായിയാണ് സ്വർണക്കടത്ത് ഗൂഢാലോചനയുടെ പ്രഭവകേന്ദ്രമെന്ന ആരോപണവുമായി രംഗത്തുണ്ട്. വി എസിന്റെ ഉപദേഷ്ടാവായിരുന്ന ജോസഫ് മാത്യുവാണ് ഈ പ്രചാരണത്തിന്റെ മുൻനിരയിലുള്ള മറ്റൊരാൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പി കെ സുരേന്ദ്രനും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിനുള്ള സാധ്യതയിലേക്ക് ശക്തമായി വിരൽ ചൂണ്ടിക്കഴിഞ്ഞു. 
ശിവശങ്കറെ തള്ളിപ്പറഞ്ഞ് സർക്കാരിന് ഇതിൽ ഉത്തരവാദിത്തമില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന സി പി എം നേതാക്കൾക്ക് വരും ദിനങ്ങളിൽ കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുമെന്ന സൂചനകളാണ് വിവിധ കോണുകളിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. 

Latest News