Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്‌ലിം ലീഗ് പുനർവിചിന്തനം നടത്തണമെന്ന് കോടിയേരി

കൊണ്ടോട്ടി- കേരളത്തിൽ യു.ഡി.എഫിന് ഇനി ഭാവിയില്ലെന്നും കോൺഗ്രസിനൊപ്പം നടക്കുന്ന മുസ്‌ലിം ലീഗ് തങ്ങളുടെ നയം പുനർചിന്തനത്തിന് വിധേയമാക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനജാഗ്രതാ യാത്രയ്ക്ക് മലപ്പുറം ജില്ലയിലെ ആദ്യ സ്വീകരണം നൽകിയ കൊണ്ടോട്ടിയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ നയത്തിന് എതിർ നിലപാടെടുക്കാൻ യു.ഡി.എഫിന് ആവുന്നില്ല. രണ്ടു കൂട്ടരും ഒത്തുകളിക്കുകയാണ്. ഇതിൽ മുസ്‌ലിം യുവജനങ്ങൾ അസംതൃപ്തരാണ്. കോൺഗ്രസിന്റെ കൂടെക്കൂടി ബി.ജെ.പിയെ എതിർക്കാൻ ലീഗിന് സാധ്യമാവില്ല. കോൺഗ്രസിന്റെ ആശയം ലീഗിലേക്ക് കടന്നുകയറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് വേങ്ങര തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി കെ.എൻ.എ ഖാദർ കമ്യൂണിസ്റ്റുകാരെക്കാൾ ഭേദം നരേന്ദ്ര മോഡിയാണെന്ന് പ്രസംഗിച്ചത്. ഇതിനെ ലീഗും പാണക്കാട് തങ്ങളും അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. നാളെ ലീഗിനെതിരെ ബി.ജെ.പിയും ദേശീയതലത്തിൽ ആർ.എസ്.എസും ഈ പ്രസംഗം ഉപയോഗിക്കും. ഈ പ്രസംഗത്തെ ഇതുവരെ തള്ളിപ്പറയാൻ ലീഗ് തയാറായിട്ടില്ല. ആർ.എസ്.എസിനെ എതിർക്കാനുള്ള പരിമിതി കൊണ്ടാണോ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രണ്ട് എം.പിമാർ വോട്ടിംഗ് സമയം കഴിഞ്ഞെത്തിയതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 
സോളാർ കേസിൽ കോൺഗ്രസ് വീണുകിടക്കുകയാണ്. വരുന്ന നിയമസഭയിൽ സോളാർ റിപ്പോർട്ട് വെക്കുമ്പോൾ അറിയാം കോൺഗ്രസിന്റെ തനിനിറം. ഉപ്പു തിന്നവർ വെള്ളം കുടിക്കേണ്ടിവരും. രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര യു.ഡി.എഫിനുള്ളിൽ നടക്കുന്ന പടയൊരുക്കമായാണ് അവസാനിക്കുക. ഉമ്മൻചാണ്ടിക്കെതിരെ ചെന്നിത്തലയുടെ പടയൊരുക്കമാണ് തുടങ്ങാൻ പോകുന്നത്. കെ.പി.സി.സി കമ്മിറ്റിയുണ്ടാക്കാൻ പറ്റാത്തവരാണ് ജനാധിപത്യം പ്രസംഗിച്ചു നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 
പെട്രോൾ വിലക്കയറ്റത്തിനെതിരെ കേരളത്തിൽ മാത്രമാണ് കോൺഗ്രസ് ഹർത്താൽ നടത്തിയത്. കോൺഗ്രസിന് ഒരു ഹർത്താൽ നടത്തണമെങ്കിൽ പോലും ഇടതുപക്ഷം ഭരിക്കണമെന്ന സ്ഥിതിയാണ്. കോൺഗ്രസ് സ്വീകരിക്കുന്ന ഇടതു വിരോധ രാഷ്ട്രീയം അവരെതന്നെ നശിപ്പിക്കും. സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്തുന്നതിൽ കോൺഗ്രസും ബി.ജെ.പിയും ഇരട്ട സഹോദരൻമാരായാണ് പ്രവർത്തിക്കുന്നത്. കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറയുന്ന ആർ.എസ്.എസുകാർ കമ്യൂണിസ്റ്റുകാരുടെ പുരികത്തിന്റെ അടുത്തെത്തുമ്പോഴേക്കും വിവരമറിയും.
ഓരോ സംസ്ഥാനത്തും കരിനിയമങ്ങൾ പാസാക്കി അധികാരം നിലനിർത്താനുള്ള ശ്രമത്തിന് തെളിവാണ് രാജസ്ഥാനിൽ നടക്കുന്നത്. വിമോചന സമരത്തിന്റെ പേരുപറഞ്ഞോ സർക്കാർ പിരിച്ചുവിടുമെന്ന് പറഞ്ഞോ ഇടതുപക്ഷത്തെ ഭീഷണിപ്പെടുത്താൻ കഴിയില്ല. മറ്റു പാർട്ടികളിലുള്ളവർ ശത്രുക്കളല്ലെന്നും തെറ്റിദ്ധരിച്ച് അവിടെ നിൽക്കുന്നവരാണെന്നും ക്ഷമാപൂർവം അവരെ സമീപിച്ച് ഇടതുപക്ഷത്തിന്റെ ബഹുജനാടിത്തറ വർധിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു. ഇടതുമുന്നണി നിയോജകമണ്ഡലം ചെയർമാൻ പുലത്തു കുഞ്ഞു അധ്യക്ഷനായി. എൻ. രാജൻ, ഇ.പി.ആർ. വേശാല, എൻ. പ്രമോദ് ദാസ് എന്നിവർ പ്രസംഗിച്ചു. ജാഥാംഗങ്ങളായ സത്യൻ മൊകേരി, പി.എം. ജോയ്, പി.കെ. രാജൻ, ഇ.പി.ആർ. വേശാല, സ്‌കറിയ തോമസ് എന്നിവർ സംബന്ധിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി. സുനീർ, പി. നന്ദകുമാർ, കൂട്ടായി ബഷീർ, ഇ.എൻ. മോഹൻദാസ്, സി. ദിവാകരൻ, വേലായുധൻ വള്ളിക്കുന്ന്, സുബ്രഹ്മണ്യൻ, സഫറുല്ല പി. മുഹമ്മദ് തുടങ്ങിയവർ ജില്ല അതിർത്തിയിൽ സ്വീകരിച്ചു.  

Latest News